ചിമ്മിനി ഡാം പ്രദേശത്തേയ്ക്കും വനമേഖലയിലേക്കുമുള്ള പ്രധാന പാതയായ പാലപ്പിള്ളി - എച്ചിപ്പാറ റോഡിന്റെയും പുതുക്കാട് ജംഗ്ഷനിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന പുതുക്കാട് ചുങ്കം - മണ്ണംപേട്ട റോഡിന്റെയും ഉദ്ഘാടനം സെപ്റ്റംബര്‍ 29 ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പുതുക്കാട് സെന്ററില്‍ വൈകീട്ട് 4 ന് നടക്കുന്ന പരിപാടിയില്‍ കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. 2021 ലെ സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നവീകരിച്ചവയാണ് ഇരു റോഡുകളും. ബിഎം ആന്റ് ബിസി നിലവാരത്തില്‍ പൊതുമരാമത്ത് വകുപ്പ് നവീകരിച്ച റോഡുകള്‍ ടൂറിസം മേഖലയ്ക്കടക്കം വലിയ ഉണര്‍വ്വ് നല്‍കും.
പാലപ്പിള്ളി - എച്ചിപ്പാറ റോഡിന് 8 കോടി രൂപയും പുതുക്കാട് ചുങ്കം റോഡിന് 3 കോടി രൂപയും ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
ചിമ്മിനി ടൂറിസം മേഖലയ്ക്ക് ഉണര്‍വ് പകര്‍ന്നു കൊണ്ടാണ് 8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാലപ്പിള്ളി - എച്ചിപ്പാറ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. പുതുക്കാട് ജംഗ്ഷനിലേക്ക് എളുപ്പത്തില്‍ എത്താന്‍ സഹായിക്കുന്ന മികച്ച നിലവാരത്തിലുള്ള രണ്ടര കി.മീ ദൈര്‍ഘ്യമുള്ളതാണ്
പുതുക്കാട് ചുങ്കം - മണ്ണംപേട്ട റോഡ്.
പുതുക്കാട് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തോനോടനുബന്ധിച്ച് നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തില്‍ കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ രക്ഷാധികാരിയും, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രഞ്ജിത്ത് ചെയര്‍മാനും, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റാബിയ കണ്‍വീനറായും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം ബാബുരാജ്, അജിതാ സുധാകരന്‍, പ്രിന്‍സണ്‍ തയ്യാലക്കല്‍ തുടങ്ങിയവര്‍ വൈസ് ചെയര്‍മാന്‍മാരായും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ജോയിന്‍ കണ്‍വീനര്‍മാരായും സംഘാടക സമിതി രൂപീകരിച്ചു.
0 Comments