വേലൂപ്പാടം കോളനിയില്‍ ഒരു കോടിയുടെ വികസന പ്രവര്‍ത്തികള്‍

  



വരന്തരപ്പിള്ളി പഞ്ചായത്തിലെ വേലൂപ്പാടം പട്ടികജാതി കോളനിയില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ സമഗ്ര വികസനത്തിന് തുടക്കം കുറിച്ചു. 113 വീടുകളുള്ള വേലൂപ്പാടം കോളനിയില്‍ 42 വീടുകളുടെ അറ്റകുറ്റപ്പണികള്‍, മൂന്ന് റോഡുകളുടെ നിര്‍മ്മാണം, കിണര്‍ നവീകരണം തുടങ്ങിയ വിവിധ പ്രവര്‍ത്തികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. കോളനിയുടെ സമഗ്ര വികസനമാണ് നവീകരണത്തിലൂടെ ലക്ഷ്യമാക്കുന്നത്. 

'കെല്‍' ആണ് വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണ ഏജന്‍സി. നിര്‍മ്മാണ ഉദ്ഘാടനത്തോടനുബന്ധിച്ച് ആരംഭിച്ച പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 

കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസര്‍ എ.പി സീന പദ്ധതി വിശദീകരിച്ചു. നിര്‍വഹണ ഏജന്‍സിയായ കെല്‍ പ്രതിനിധി റിഥ്വി രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍, ജില്ലാ പഞ്ചായത്തംഗം വി.എസ് പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.കെ സദാശിവന്‍, ഷീല ജോര്‍ജ്, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ബഷീര്‍, റഷീദ് അരീക്കോട് തുടങ്ങിയവര്‍ സംസാരിച്ചു.


Post a Comment

0 Comments