ഇ - ഹെല്‍ത്ത് വഴി ആരോഗ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്




ആരോഗ്യ കേന്ദ്രങ്ങളെ ഇ - ഹെല്‍ത്ത് വഴി ബന്ധിപ്പിച്ച്  രോഗികളുടെ ചികിത്സാ വിവരങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് ലഭ്യമാക്കി ആധുനിക  സംവിധാനങ്ങളോടെ   ആരോഗ്യ മേഖലയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ കുടുംബ ഡോക്ടര്‍ എന്ന നിലയില്‍  പ്രവര്‍ത്തിക്കും.  ജനപങ്കാളിത്തത്തോടെ 1972ല്‍ ആലപ്പാട് ഹെല്‍ത്ത്  സെന്റര്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം ധനസമാഹരണം നടത്തി വിലയ്ക്ക് വാങ്ങിയ  കര്‍ഷക തൊഴിലാളികള്‍, ചെത്ത് തൊഴിലാളികള്‍, മറ്റ് ഇടത്തരം വിഭാഗങ്ങള്‍ തുടങ്ങിയവരുടെ പ്രാധാന്യം ചരിത്രത്തില്‍ വളരെ വലുതാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി ദേശീയ ആരോഗ്യ ദൗത്യം മുഖേന 40 ലക്ഷം രൂപ ചെലവിലാണ് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയത്. ജില്ലയില്‍ ഇതുവരെ 66 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായും മൂന്ന് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളായും ഉയര്‍ത്തി കഴിഞ്ഞു.

ചടങ്ങില്‍ സി സി മുകുന്ദന്‍ എംഎല്‍എ അധ്യക്ഷനായി. ആരോഗ്യ കേന്ദ്ര പ്രവര്‍ത്തനങ്ങള്‍ക്ക് കാരുണ്യ പ്രവര്‍ത്തകനായ ശശി കരുമാശ്ശേരി അഞ്ച് ലക്ഷം രൂപ ആശുപത്രിക്ക് നല്‍കി. ആരോഗ്യ കേരളം ജില്ലാ പ്രേഗ്രാം മാനേജര്‍ ഡോ. സജീവ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരന്‍, ചാഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് അമ്പിളി സുനില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ ടി ബി, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എസ് നജീബ്, ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി ആര്‍ രമേഷ്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി തിലകന്‍, സി എച്ച് സി സൂപ്രണ്ട് മിനി പി എം,  ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

minister veena george #pudukadnews


Post a Comment

0 Comments