പ്രതിവർഷം 30 ലക്ഷം വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് എത്തുന്ന സഞ്ചാരികളെ ആകർഷിച്ചുകൊണ്ട് ഒല്ലൂരിന്റേതായ ബ്രാൻഡ് വികസിപ്പിച്ചെടുക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഒല്ലൂർ മണ്ഡലത്തെ കേന്ദ്രീകരിച്ച് ടൂറിസ്റ്റ് കോറിഡോർ എന്ന ആശയം വിപുലമായി നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു.
ഒല്ലൂർ ബ്രാൻഡിൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുക്കണം. ഇവ മാർക്കറ്റ് ചെയ്യുന്നതിലൂടെ പതിനായിരക്കണക്കിനാളുകൾക്ക് തൊഴിൽ സാധ്യത ഉണ്ടാകും. ബ്രാൻഡ് വികസിപ്പിച്ചെടുക്കുന്ന കാര്യം ഒല്ലൂർ കൃഷി സമൃദ്ധി ഗൗരവമായി പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിനോടൊപ്പം എക്സിബിഷൻ സിറ്റിയെന്ന ആശയം അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ വിഭാവനം ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒല്ലൂർ കൃഷി സമൃദ്ധി ബോർഡ് മെമ്പർ ബിനോയ് പി.കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ ചെയർമാൻ കനിഷ്കൻ കെ. വിൽസൺ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ എം.എസ് പ്രദീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി, ജില്ലാ പഞ്ചായത്ത് അംഗം കെ.വി സജു, എ.ഡി.എ സത്യവർമ്മ പി.സി, കൃഷി സമൃദ്ധി അംഗം ശൈലജ ദാസ് തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന അവാർഡ് ജേതാവായ അംബിക സോമസുന്ദരനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
0 Comments