കൃഷിയില്‍ നേട്ടംകൊയ്ത് മറ്റത്തൂര്‍. ഓണക്കാലത്ത് ഒരു കോടിയുടെ വിറ്റു വരവ്




ഓണക്കാലത്ത് ഒരു കോടിയുടെ വിറ്റു വരവ്

ഒറ്റ ദിനം വിറ്റഴിച്ചത് 25 ടണ്‍ നേന്ത്രക്കായ 


മികച്ച കര്‍ഷകരും കൃഷിഭൂമിയുമുള്ള മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ഇന്നും കൃഷിയെ ചേര്‍ത്തുപിടിക്കുന്ന പ്രദേശമാണ്. 350 ഹെക്ടറോളം നെല്‍കൃഷി, 250 ഹെക്ടറില്‍ വാഴ കൃഷി എന്നിവയ്ക്ക് പുറമെ പച്ചക്കറികള്‍,  ജാതി, തെങ്ങ്, കവുങ്ങ്, റമ്പൂട്ടാന്‍ തുടങ്ങിയവയിലെല്ലാം ഈ പ്രദേശം മുന്നേറ്റം സൃഷ്ടിച്ചിരിക്കുകയാണ്.  എരിവിലും വിലയിലും കേമനായ കോടാലി മുളക്, നെല്‍കൃഷിയില്‍ തനതു രുചി പകരുന്ന മറ്റത്തൂര്‍ മട്ട, നേന്ത്രവാഴക്കുലകള്‍ ഇവയെല്ലാം മറ്റത്തൂരിന്റെ അടയാളപ്പെടുത്തലുകളാണ്. ഭൗമസൂചികയില്‍ ഇടം പിടിക്കാന്‍ കാത്തിരിക്കുന്ന ഇനമാണ് കോടാലി മുളക്. 

ഓണക്കാലത്തെ കച്ചവടം

 ഓണക്കാലത്ത് ഒരു കോടി രൂപയുടെ വിറ്റു വരവാണ്  വിഎഫ്പിസികെയുടെ നേതൃത്വത്തിലുള്ള 2 വിപണന കേന്ദ്രങ്ങളിലൂടെ ലഭിച്ചത്.ചിങ്ങം ഒന്ന് കര്‍ഷക ദിനത്തില്‍ മാത്രമായി മറ്റത്തൂര്‍ കര്‍ഷക സമിതിയില്‍ നിന്നും വിറ്റഴിച്ചത് 25 ടണ്‍ നേന്ത്രവാഴക്കുലകളാണ്. സംസ്ഥാനതലത്തില്‍ തന്നെ ഒരു ദിവസത്തെ റെക്കോര്‍ഡ് വില്പനയാണിത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 91 ടണ്‍ നേന്ത്രക്കായ, 56 ടണ്‍ പച്ചക്കറികള്‍ തുടങ്ങിയവയാണ് വിറ്റഴിക്കപ്പെട്ടത്. 

വിവിധ കേന്ദ്ര, സംസ്ഥാന ആവിഷ്‌കൃത പദ്ധതികള്‍, മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ  ജനകീയാസൂത്രണ പദ്ധതികള്‍ എന്നിവ കൃഷിഭവന്‍ മുഖാന്തരം സജീവമായാണ് നടപ്പിലാക്കുന്നത്. കൃഷിയില്‍ സ്വയം പര്യാപ്തത സൃഷ്ടിക്കാന്‍ കഴിയും എന്നതിന്റെ മികച്ച ഉദാഹരണമാണ് മറ്റത്തൂര്‍ എന്ന കൊച്ചു ഗ്രാമം.



കൃഷി പോര്‍ട്ടലായ എയിംസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കര്‍ഷകരുടെ എണ്ണത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാമതാണ് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്. 8477 കര്‍ഷകരാണ് ഇതുവരെ എയിംസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 55,000 ത്തോളം ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്തില്‍  പതിനായിരത്തോളം കര്‍ഷക കുടുംബങ്ങളാണുള്ളത്.  


Post a Comment

0 Comments