പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഒരുങ്ങുന്നത് കാടിന്റെ ശൗര്യം: മന്ത്രി കെ രാജന്‍


 




പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഒരുങ്ങുന്നത് കാടിന്റെ ശൗര്യം:  മന്ത്രി കെ രാജന്‍

കൂട്ടിലിട്ട മൃഗങ്ങളുടെ കാഴ്ചയല്ല, മറിച്ച് കാടിന്റെ ശൗര്യമാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഒരുങ്ങുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. വനം വന്യജീവി വാരാഘോഷ സംഘാടകസമിതി യോഗം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു  മന്ത്രി.

അടച്ചിട്ട കൂടുകളില്‍ മൃഗങ്ങളെ കണ്ട് മടങ്ങുന്നതിനു പകരം വിശാലമായ ആവാസ വ്യവസ്ഥയിലുള്ള ജീവിതങ്ങള്‍ കണ്ടറിയാം. പുത്തൂരിനെ കേരളത്തിന്റെ തന്നെ പ്രധാന ടൂറിസം വില്ലേജുകളിലൊന്നാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കും. തൃശൂരിന്റെ ഹൃദയഭംഗി വര്‍ധിക്കുകയാണ്.  സുവോളജിക്കല്‍ പാര്‍ക്കിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള മൃഗാശുപത്രിയും അടിസ്ഥാന സൗകര്യങ്ങളും എല്ലാം സെന്റര്‍ സൂ  അതോറിറ്റിയുടെ അംഗീകാരം നേടിക്കഴിഞ്ഞു. തൃശൂര്‍ മൃഗശാലയില്‍ നിന്നുള്ള മൃഗങ്ങളും തിരുവനന്തപുരത്തുനിന്നും കാട്ടുപോത്തും ഹിമാചല്‍പ്രദേശില്‍ നിന്നുള്ള  കരടികളെയും മൃഗശാലയിലേക്ക് കൊണ്ടുവരും. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി മൃഗങ്ങളെ എത്തിക്കാനുള്ള നടപടിക്രമങ്ങളും സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളുടെ ഭാഗമായി കുട്ടനല്ലൂര്‍ ഭാഗത്തെ കുപ്പികഴുത്ത് റോഡിനും പരിഹാരമാവുകയാണ്. സ്ഥലം ഏറ്റെടുക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമായിട്ടുണ്ട്. 40 കോടി രൂപ ചെലവില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള ഡിസൈന്‍ റോഡും ഒരു പാലവും കൂടി ഉള്‍പ്പെടുത്തി ടൂറിസം കോറിഡോര്‍ സാധ്യത ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വനം വന്യജീവി വാരാഘോഷം പരിപാടിയുടെ ഭാഗമായി സുവോളജിക്കല്‍ പാര്‍ക്കിന്റെ പ്രൗഡി വിളിച്ചോതുന്ന രീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി കെ രാജന്‍ ചെയര്‍മാനായും പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍ കണ്‍വീനറായും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ആര്‍ കീര്‍ത്തി ഐ എഫ് എസ് കോഡിനേറ്ററായും സംഘാടക സമിതി രൂപീകരിച്ചു.

പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍ അധ്യക്ഷയായി. മേയര്‍ എം കെ വര്‍ഗീസ്, സി സി എഫ്. കെ ആര്‍ അനൂപ് ഐ എഫ് എസ്, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ആര്‍ കീര്‍ത്തി ഐ എഫ് എസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ രവി, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീവിദ്യ രാജേഷ്, പണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, പുത്തൂര്‍ പഞ്ചായത്തംഗം പി കെ ശ്രീനിവാസന്‍ മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment

0 Comments