ബലാത്സംഗ കേസിൽ മരത്താക്കര സ്വദേശിക്ക് 13 വർഷം കഠിനതടവും 76000 രൂപ പിഴയും ശിക്ഷ. മരത്താക്കര കൊടിയത്ത് വീട്ടിൽ ലോയിഡിനെ (35) ആണ് തൃശൂർ അതിവേഗ സ്പെഷൽ പോക്സോ നമ്പർ രണ്ട് ജഡ്ജ് ജയപ്രഭു കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പാർട്ണർഷിപ്പ് വ്യവസ്ഥയിൽ യുവതിയും ലോയിഡും തമ്മിൽ സ്ഥാപനം തുടങ്ങുകയും നടത്തിപ്പിനായി തൃശൂരിൽ ഫ്ലാറ്റിൽ താമസിച്ചിരുന്ന യുവതിയെ 2015 മുതൽ 2017 വരെയുള്ള കാലയളവിൽ വിവാഹ വാഗ്ദാനം നൽകി പലതവണ ബലാത്സംഗം ചെയ്യുകയും ഫ്ലാറ്റിൽ വെച്ച് യുവതിയെ ഉപദ്രവിക്കുകയും സ്ഥാപനത്തിന്റെ ആവശ്യത്തിലേക്ക് എന്ന് പറഞ്ഞ് പലതവണയായി യുവതിയിൽ നിന്നും ചതിച്ചും വഞ്ചിച്ചും മൂന്നരലക്ഷം രൂപ കൈക്കലാക്കിയെന്നുമാണ് കണ്ടെത്തൽ. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ കെ.എ സുനിത ഹാജരായി. പ്രോസീക്യൂഷനെ സഹായിക്കുന്നതിനായി അഡ്വ. ടി. ഋഷിചന്ദ് ഹാജരായി.വെസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന പി.വി സിന്ധു ആണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. വെസ്റ്റ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന വി.കെ രാജു തുടരന്വേഷണം നടത്തി ജെ. മാത്യു കുറ്റപത്രംസമർപ്പിച്ചു. അന്വേഷണ സംഘത്തിൽ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ രാജീവും പ്രോസീക്യൂഷനെ സഹായിക്കുന്നതിനായി വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എം.ഡി സംഗീതും ഉണ്ടായിരുന്നു
0 Comments