അതിദാരിദ്രര്‍ക്ക് കൈത്താങ്ങായി നെന്മണിക്കരയിലെ ഹരിതകര്‍മ്മസേന
സംസ്ഥാനത്തെ അതിദാരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ട 50 ശതമാനം കുടുംബങ്ങളെ 2023 നവംബര്‍ ഒന്നിന് മുന്‍പായി അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കണമെന്ന സര്‍ക്കാരിന്റെ മാതൃകാ തീരുമാനത്തില്‍ നെന്മണിക്കര ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മസേനയും കൈകോര്‍ക്കുന്നു. അതി ദാരിദ്ര പട്ടികയില്‍ ഗുണഭോക്താക്കളെ ദാരിദ്ര്യമുക്തരാക്കുന്നതിനുള്ള ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി ഒരു അതിദാരിദ്ര്യ കുടുബത്തിന്റെ ചികിത്സ, ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നല്‍കുന്നതിലേക്കായി നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ ഹരിതകരമ്മസേനയും പങ്കാളികളാവുകയാണ്.
തങ്ങള്‍ക്ക് ലഭിക്കുന്ന വേതനത്തില്‍ നിന്നും 15,000 രൂപ അതിദരിദ്രര്‍ക്കായി നല്‍കിക്കൊണ്ടാണ് ഹരിത കര്‍മ്മ സേന മാതൃകയായത്.
നെന്മണിക്കര ഗ്രാമപഞ്ചായത്ത് എം.സി.എഫില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്തിന് വേണ്ടി ഹരിതകര്‍മ്മ സേനയില്‍ നിന്നും കെ കെ രാമചന്ദ്രന്‍ എംഎല്‍എ തുക ഏറ്റുവാങ്ങി. ചടങ്ങില്‍ നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജിന്‍ മേലേടത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഭദ്ര മനു, സെക്രട്ടറി കെ അജിത, മെമ്പര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments