പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മയിലുകളെത്തി


തൃശൂരിലെ മൃഗശാലയിൽ നിന്നും പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പക്ഷിമൃഗാദികളെ മാറ്റാൻ തുടങ്ങി. ഒന്നാം ഘട്ടത്തില്‍ പക്ഷികളെ മാറ്റാനുള്ള നടപടികളാണ് ആരംഭിച്ചത്. ദേശീയ പക്ഷിയായ മയിലിനെയാണ് മാറ്റിയത്. തുടര്‍ന്ന് വിവിധ ഇനത്തില്‍പ്പെട്ട തത്തകള്‍, ജലപക്ഷികള്‍ തുടങ്ങിയവയടക്കം കുറച്ച് പക്ഷികളെ കൊണ്ടുവന്ന് പുതിയ ആവാസ വ്യവസ്ഥയുമായി ഇണങ്ങുന്നത് സംബന്ധിച്ച നിരീക്ഷണങ്ങള്‍ നടത്തും. അതിനുശേഷമാണ് കൂടുതല്‍ പക്ഷികളെ ഇങ്ങോട്ട് മാറ്റുക. ബോണറ്റ് ഇനത്തില്‍പ്പെട്ട കുരങ്ങുകളുടെ ഒരു ബാച്ചിനെയും നെയ്യാര്‍ ഡാമില്‍ നിന്നുള്ള ചീങ്കണ്ണികളെയും കൊണ്ടുവരും. നവംബര്‍ തുടക്കത്തില്‍ തന്നെ മാനുകളെ മാറ്റുന്ന നടപടികള്‍ തുടങ്ങും. മാറ്റുന്ന പക്ഷികളും മൃഗങ്ങളും പുതിയ ആവാസ വ്യവസ്ഥയുമായി ഇണങ്ങിച്ചേരുന്നതിനൊപ്പം ജീവനക്കാരുടെ മൃഗസംരക്ഷണം സംബന്ധിച്ച പരിശീലന നിലവാരവും വിലയിരുത്തും. തൃശൂരില്‍ നിന്നും മ്യഗങ്ങളെ മാറ്റാന്‍ ആറു മാസമാണ് സമയം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ നാല് മാസത്തിനുള്ളില്‍ തന്നെ മൃഗങ്ങളെ മാറ്റുന്ന നടപടി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. മൃഗശാലയില്‍ നിന്ന് എത്തിച്ച മൂന്ന് മയിലുകളെ മന്ത്രിമാരായ കെ രാജന്‍, എ കെ ശശീന്ദ്രന്‍, ഡോ. ആര്‍ ബിന്ദു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച ശേഷം പാര്‍ക്കിലേക്ക് തുറന്നുവിട്ടു.

Post a Comment

0 Comments