ഇരിങ്ങാലക്കുട: വിവാഹമോചന കേസ് നടക്കുന്ന കുടുംബ കോടതിയിൽ എത്തിയ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. താണിശ്ശേരി വൻപറമ്പിൽ വീട്ടിൽ സജിമോനെയാണ് (55) ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.കെ. ഷൈജുവിന്റെ നിർദേശാനുസരണം സി.ഐ അനീഷ് കരീം, എസ്.ഐ ഷാജൻ, ജലീൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
സജിമോനും ഭാര്യ രശ്മിയും തമ്മിലുള്ള വിവാഹമോചന കേസ് ഇരിങ്ങാലക്കുട കുടുംബ കോടതിയിൽ നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച കേസ് വിചാരണക്കായി കോടതിയിലെത്തിയ രശ്മിയെ സജിമോൻ തടഞ്ഞുനിർത്തി കൈയിലുണ്ടായിരുന്ന കത്തികൊണ്ട് വയറ്റിലും പുറത്തും കൈയിലും കുത്തുകയായിരുന്നു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന നിഫാദ്, ബിജു എന്നീ പൊലീസുദ്യോഗസ്ഥർ പ്രതിയെ തടഞ്ഞതിനാലാണ് രശ്മി രക്ഷപ്പെട്ടത്.
കൊടകര, മാള, വലപ്പാട് സ്റ്റേഷനുകളിൽ പ്രതിയുടെ പേരിൽ കേസുകളുണ്ട്. ഗുരുതര പരിക്കേറ്റ രശ്മി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐ.സി.യുവിലാണ്. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.വി. ഉമേഷ്, രാഹുൽ അമ്പാടൻ, സി.പി.ഒ ലികേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 Comments