ചാലക്കുടി റെയില്‍വേ അടിപ്പാതയില്‍ ക്രോസ് ബാര്‍ തകര്‍ത്ത് ലോറി

 



ചാലക്കുടി റെയില്‍വേ അടിപ്പാതയിലൂടെ കൂടുതല്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നു പോകാതിരിക്കാന്‍ റെയില്‍വേ സ്ഥാപിച്ച കൂറ്റന്‍ ക്രോസ് ബാര്‍ ലോറി ഇടിച്ച് 10 മീറ്ററോളം വലിച്ചു കൊണ്ടു പോയി. ഈ സമയത്ത് അടിപ്പാതയിലൂടെ എതിര്‍വശത്തേക്കു പോകുകയായിരുന്ന കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം. റെയില്‍വേ സ്റ്റേഷനിലെ ഗൂഡ്‌സില്‍ നിന്നു തവിടു കയറ്റി കോട്ടയത്തേക്കു പോകുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. അടിപ്പാതയുടെ ഉയരത്തിനേക്കാള്‍ കൂറഞ്ഞ ഉയരമുള്ള വാഹനങ്ങള്‍ക്കു മാത്രമാണ് ഇതുവഴി പ്രവേശനാനുമതിയുള്ളത്.


കുടുതല്‍ ഉയരമുള്ള വാഹനങ്ങള്‍ കടന്നു പോകാതിരിക്കാനായി അടിപ്പാത നിര്‍മാണ സമയത്താണ് ക്രോസ് ബാര്‍ സ്ഥാപിച്ചത്. റോഡിന്റെ ഇരുവശത്തും കൂറ്റന്‍ ഉരുക്കു കാലുകള്‍ സ്ഥാപിച്ച് മുകളില്‍ മറ്റൊരു ഉരുക്കു കാല്‍ ഉറപ്പിച്ചാണ് കോസ് ബാര്‍ നിര്‍മിച്ചിരുന്നത്. ഇത് മണ്ണില്‍ കോണ്‍ക്രീറ്റ് ചെയ്താണ് ഉറപ്പിച്ചിരുന്നത്. രണ്ടു കാലുകളും കടപുഴക്കിയെടുത്താണ് ലോറി കൊണ്ടു പോയത്. ഇതിനിടെ കാലുകളിലൊന്നു താഴേക്കു പതിക്കുകയും ചെയ്തു. മറ്റൊരു കാലും മുകളിലെ ക്രോസ് ബാറും ലോറിയില്‍ കുടുങ്ങി കിടന്നു. താഴെ വീണ കാല്‍ നാട്ടുകാര്‍ ചേര്‍ന്നു റോഡിന്റെ വശത്തേക്കു നീക്കിയിട്ടു.


ചാലക്കുടി പൊലീസ് സ്ഥലത്തെത്തി. ലോറി ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റെയില്‍വേ പൊലീസിനെയും വിവരം അറിയിച്ചു. കുറ്റക്കാരില്‍ നിന്ന് വന്‍ തുക പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടത്തെത്തുടര്‍ന്നു അടിപ്പാതയില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കെയിന്‍ എത്തിച്ച് ഉരുക്കു കാലുകള്‍ നീക്കിയ ശേഷം ലോറി അപകടസ്ഥലത്തു നിന്നു മാറ്റി. ഇതു വഴി വിലക്ക് ലംഘിച്ചു മുന്‍പും ഭാരവാഹനങ്ങള്‍ കടന്നുപോകാറുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു.




Post a Comment

0 Comments