തൃശൂർ: ജില്ല ജയിലിൽ മുളയും ഈറ്റയുമുപയോഗിച്ചുള്ള കരകൗശല വസ്തുക്കളും ഒരുങ്ങി. ജയിലിലെ അന്തേവാസികളാണ് ഉൽപന്നങ്ങൾ നിർമിച്ചത്. ജില്ല ജയിലിലെ തൽപരരായ 35 പേർക്കായിരുന്നു മുള ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ നിർമാണ പരിശീലനം നൽകിയത്. രണ്ടാഴ്ചയിൽ ദിവസവും അഞ്ചുമണിക്കൂർ ദൈർഘ്യമുള്ള പരിശീലനത്തിലാണ് കരകൗശല വസ്തുക്കൾ നിർമിച്ചത്.
സാമൂഹിക നീതി വകുപ്പ്, ജില്ല പ്രൊബേഷൻ ഓഫിസ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൊഴിൽ പരിശീലന ശിൽപശാല വിജയകരമായി പൂർത്തീകരിച്ചു. ലാംപ് ഷെയ്ഡ് വിശറി, പൂവട്ടി, ഫയൽ ട്രേ, പെൻഹോൾഡർ, ഫ്ലവർ വേസ് തുടങ്ങി മുള ഉപയോഗിച്ചുള്ള നിരവധി വസ്തുക്കളാണ് നിർമിച്ചത്. ഇവ ജയിലിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കനറ ബാങ്കിന്റെ റൂറൽ സെൽഫ് എംേപ്ലായ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (ആർ.എസ്.ഇ.ടി.ഐ) ആണ് പരിശീലന സഹായം നൽകിയത്. കനറ ബാങ്ക് പഠിതാക്കളുടെ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകളും കൈമാറി.
കനറ ബാങ്ക് ചീഫ് മാനേജർ ഇ.കെ. അജയ് സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. സൂപ്രണ്ട് കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ആർ.എസ്.ഇ.ടി.ഐ ഡയറക്ടർ ജി. കൃഷ്ണമോഹൻ, ഫാക്കൽറ്റി പി.വി. സരിത, ജില്ല പ്രൊബേഷൻ ഓഫിസർ ബെൻസൻ ഡേവിഡ്, വെൽഫെയർ ഓഫിസർ സാജി സൈമൺ എന്നിവർ സംസാരിച്ചു.
കഴിഞ്ഞദിവസം തടവുകാർക്ക് കാർഷിക യന്ത്രങ്ങളിൽ പരിശീലന പരിപാടിയും തുടങ്ങി. ജയിലിലെ നാല് ഏക്കർ കൂടി കൃഷിഭൂമിയാവും. പരിശീലനത്തിന്റെ ഭാഗമായി നിലവിലെ ജയിലിനകത്തുള്ള പച്ചക്കറി ഉൽപാദനം അര ടൺ എന്നത് നാലിരട്ടി വർധിപ്പിക്കാനാണ് ജയിൽ വകുപ്പ് ലക്ഷ്യം.
0 Comments