തൃശൂർ നഗരത്തെ നടുക്കിയ കൊലപാതകം: 15 വയസ്സുകാരനും പ്രതി. കത്തിയുമായി സഞ്ചാരം; കുട്ടിയെങ്കിലും ക്രിമിനൽ




തൃശൂർ ∙ ദിവാൻജിമൂലയിൽ റെയിൽവേ മേൽപാലത്തിനു സമീപം അർധരാത്രിയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ 15 വയസ്സുകാരനടക്കം 2 പേർ അറസ്റ്റിൽ. സംഘത്തലവൻ ദിവാൻജിമൂല കളിയാട്ടുപറമ്പിൽ മുഹമ്മദ് അൽത്താഫ് (22,) പൂത്തോൾ വാക സ്വദേശിയായ പതിനഞ്ചുകാരൻ എന്നിവരെയാണു പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു. ഇവരുടെ കൂട്ടാളികളായ സജദ്, അജീഷ് എന്നിവരും കണ്ടാലറിയാവുന്ന 2 പേരും കൂടി കേസിൽ പ്രതികളാണ്.ഇവർ പൊലീസിന്റെ വലയിലായെന്നാണു വിവരം. ഒളരിക്കര ശിവരാമപുരം കോളനിയിൽ തെക്കേൽ ചന്ദ്രന്റെയും മാലതിയുടെയും മകൻ ശ്രീരാഗ് (27) ആണു കൊല്ലപ്പെട്ടത്. നെഞ്ചിൽ ആഴത്തിലേറ്റ കുത്തിൽ ശ്വാസകോശങ്ങൾക്കേറ്റ ക്ഷതവും രക്തസ്രാവവുമാണു മരണകാരണം. സംസ്കാരം നടത്തി. ശ്രീരാഗിനൊപ്പം കുത്തേറ്റ സഹോദരൻ ശ്രീനേഗും (25) സുഹൃത്ത് ഒളരിക്കര ശിവരാമപുരം വെളുത്തകുറുപ്പ് ശ്രീരാജും (24) അപകടനില തരണം ചെയ്തു. 

തിങ്കൾ രാത്രി പതിനൊന്നരയോടെയായിരുന്നു നഗരത്തെ നടുക്കിയ സംഭവം. ഇരു സംഘങ്ങളും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നെന്നാണു പ്രാഥമിക വിവരം. ഏതാനും മാസം മുൻപു വടൂക്കരയിൽ കാവടി ആഘോഷത്തിനിടെ ഇവർ തമ്മിൽ ഉരസിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഇന്നലെ രാത്രി ഒൻപതരയോടെ സുഹൃത്തുക്കളിലൊരാൾ വിളിച്ചതനുസരിച്ചാണു ശ്രീരാഗും ശ്രീനേഗും ശിവരാമപുരം കോളനിയിലെ മാതൃവീട്ടിൽ നിന്നു റെയിൽവേ സ്റ്റേഷൻ പരിസരത്തെത്തിയതെന്നു പറയുന്നു.ഒരു സുഹൃത്തിന്റെ വീട്ടിലെ പിറന്നാൾ ആഘോഷച്ചടങ്ങിൽ പങ്കെടുത്ത ശേഷമാണു റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറുവശത്തെ കവാടത്തിനു സമീപം എത്തിയത്. റെയിൽവേ കോളനിക്കു സമീപം താമസിക്കുന്ന അൽത്താഫും പതിനഞ്ചുകാരനും ഉൾപ്പെടെ എട്ടോളം യുവാക്കൾ ഈ സമയം ഇവിടെയെത്തി. ശ്രീരാഗിനോട് ‘നീ എന്താടാ താഴേക്കു നോക്കിനിൽക്കുന്നത്’ എന്ന ചോദ്യവുമായി പതിനഞ്ചുകാരൻ തർക്കത്തിനു തുടക്കമിട്ടെന്നാണു വിവരം.

തർക്കം അടിപിടിയിലെത്തിയതോടെ പതിനഞ്ചുകാരന‍ും അൽത്താഫും ചേർന്നു കുത്തിയെന്നാണു പ്രാഥമിക നിഗമനം.അൽത്താഫിനും പതിനഞ്ചുകാരും സംഘർഷത്തിൽ പരുക്കേറ്റിരുന്നു. ഇവർ ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയതിനു പിന്നാലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീരാഗിനു 4 കുത്തേറ്റു.

ഇതിലൊരെണ്ണം ശ്വാസകോശത്തെ കീറിമുറിക്കുംവിധം ആഴത്തിലുള്ളതാണ്. ശ്രീനേഗിന്റെ മുതുകിലും ശ്രീരാജിന്റെ കയ്യിലുമാണു കുത്തേറ്റത്. ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.രക്തംവാർന്നു ശ്രീനേഗ് ഗുരുതരാവസ്ഥയിലായെങ്കിലും അപകടനില തരണം ചെയ്തതിനെത്തുടർന്നു വാർഡിലേക്കു മാറ്റി. കൊല്ലപ്പെട്ട ശ്രീരാഗ് പെയിന്റിങ് തൊഴിലാളിയായിരുന്നു. സഹോദരി: ശ്രീരഞ്ജിനി.


ദിവാൻജിമൂല കൊലപാതകം കത്തിയുമായി സഞ്ചാരം; കുട്ടിയെങ്കിലും ക്രിമിനൽ
തൃശൂർ ∙ പ്രത്യേകം പണിയിപ്പിച്ച കത്തിയുമായാണു സദാ സഞ്ചാരം. നേരിയ പ്രകോപനമുണ്ടായാൽ പോലും കത്തിയൂരും. വയസ്സ് 15 ആയതേയുള്ളൂവെങ്കിലും കത്തിക്കുത്ത്, പിടിച്ചുപറി അടക്കം 3 കേസുകളിൽ പ്രതി. നാലാമത്തെ കേസായി ദിവാൻജിമൂലയിലെ കൊലപാതകവും. റെയിൽവേ സ്റ്റേഷൻ പരിസരത്തെ വിറപ്പിക്കുന്ന കൊടുംകുറ്റവാളിയായി വളരുന്ന പതിനഞ്ചുകാരൻ പൊലീസിനും തലവേദനയായി മാറുന്നു.

സമീപകാലത്തു മറ്റൊരു ക്രിമിനൽ കേസിൽ ഇയാളെ പിടികൂടിയ ശേഷം പൊലീസ് ചോദിച്ചു, ‘എന്താ നിന്റെ ഉദ്ദേശ്യം?’ കൂസലേതുമില്ലാതെ പതിനഞ്ചുകാരൻ നൽകിയ മറുപടി ഇങ്ങനെ: ‘എന്റെ പേരുകേട്ടാൽ ആളുകൾ പേടിക്കണം സാറേ, അത്രയേയുള്ളൂ.’  നഗരത്തിലെ അറിയപ്പെടുന്ന സ്കൂളുകളിലൊന്നിലെ വിദ്യാർഥിയായിരുന്ന പതിനഞ്ച‍ുകാരനെ കുറ്റകൃത്യങ്ങളിൽ പ്രതിയായ ശേഷമാണു പുറത്താക്കിയത്.

ഇതിനു ശേഷം റെയിൽവേ സ്റ്റേഷൻ പരിസരത്തെ ക്രിമിനൽ സംഘത്തിനൊപ്പം ചേർന്ന് അലഞ്ഞുതിരിയാൻ തുടങ്ങി. ലഹരി ഉപയോഗവും വിൽപനയും അടിപിടിയുമൊക്കെ നടത്തുന്ന സംഘം മുഴുവൻസമയ ഗുണ്ടകളായി മാറിയിട്ടില്ലെങ്കിലും യാത്രക്കാർക്കു ഭീഷണിയായി മാറിയിട്ടു നാളുകളായി. ഇതിലെ പ്രധാനി പതിനഞ്ചുകാരൻ തന്നെ. 

പൂത്തോൾ, ദിവാൻജിമൂല, വഞ്ചിക്കുളം, കൊക്കാലെ, പാസ്പോർട്ട് ഓഫിസിനു മുൻവശം എന്നിവിടങ്ങളിലാണ് ഇവർ താവളമടിക്കുന്നത്. ഏതാനും മാസം മുൻപു ദിവാൻജിമൂല ഭാഗത്തു തമിഴ്നാട് സ്വദേശിയെ പതിനഞ്ചുകാരൻ കുത്തിയതു നിസ്സാര കാര്യത്തിനാണ്. പതിനഞ്ചുകാരൻ മതിലിൽ മൂത്രമൊഴിച്ചതു തമിഴ്നാട് സ്വദേശി ചോദ്യംചെയ്തതാണു പ്രകോപനമായത്.

തമിഴ്നാട് സ്വദേശിയുടെ പുറത്തു കത്തി കുത്തിയിറക്കിയശേഷം വലിച്ചൂരാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പ്രതി സിനിമാ സ്റ്റൈലിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി നിസ്സാര ഭാവത്തിൽ കീഴടങ്ങുകയായിരുന്നു. പതിനഞ്ചുകാരന്റെ സംഘത്തിലുള്ള മറ്റുള്ളവരും 25 വയസ്സിൽ താഴെയുള്ളവരാണ്. കഞ്ചാവ് ഉപയോഗവും വിൽപനയും ഇവർ നടത്തുന്നു എന്നും സൂചനയുണ്ട്. 

ആശുപത്രിയിൽ കൊണ്ടുപോകാൻ സമ്മതിച്ചില്ല; മരണമുറപ്പാക്കി ക്രൂരത
തൃശൂർ ∙ കുത്തേറ്റ ശ്രീരാഗിനെ ആശുപത്രിയിൽ കൊണ്ടുപോകാനനുവദിക്കാതെ പ്രതികളുടെ ക്രൂരത. പൂർണ ബോധത്തിലായിരുന്ന ശ്രീരാഗ് വേദനയിൽ പിടയുമ്പോൾ മറ്റുള്ളവർ ചേർന്ന് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും പതിനഞ്ചുകാരനും സംഘവും തടഞ്ഞു. മറ്റുള്ളവരെ ആശുപത്രിയിൽ പോകാൻ അനുവദിക്കുകയും ചെയ്തു. ആന്തരിക രക്തസ്രാവത്തെത്തുടർന്നാണു ശ്രീരാഗ് അബോധാവസ്ഥയിലായത്. കുത്തിയശേഷം കത്തി തിരിച്ചതിനാൽ ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിലായിരുന്നു. അൽപംകൂടി നേരത്തെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാനാകുമായിരുന്നെന്നു പൊലീസ് പറയുന്നു.


pudukad news puthukkad news

Post a Comment

0 Comments