ആറ്റപ്പിള്ളി റഗുലേറ്റർ: പുതുക്കിയ രൂപരേഖ 4 മാസത്തിനുള്ളിൽ



ആറ്റപ്പിള്ളി കടവിൽ കുറുമാലി പുഴയ്ക്കു കുറുകെ നിർമാണം സ്തംഭിച്ചുകിടക്കുന്ന ആറ്റപ്പിള്ളി റഗുലേറ്റർ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പുതുക്കിയ രൂപരേഖ 4 മാസത്തിനകം തയാറാക്കുമെന്ന് സംസ്ഥാന ജലവിഭവ സെക്രട്ടറി അശോക് കുമാർ സിങ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ജനകീയ കമ്മിറ്റി ഭാരവാഹി ജോസഫ് ചെതലൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണു ജലവിഭവ സെക്രട്ടറിയുടെ മറുപടി. നിർമാണത്തിന്റെ അവസാനഘട്ടമായിട്ടും റഗുലേറ്ററിൽ വെള്ളം തടഞ്ഞുനിർത്താൻ കഴിയുന്നില്ല. അപ്രോച്ച് റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെടുകയും ചെയ്തു. അപാകതകൾ കണ്ടതോടെ 2019ൽ നിർമാണം നിർത്തി. സാങ്കേതിക വിഷയങ്ങൾ ഉന്നയിച്ച് നിർമാണം വൈകിയതോടെയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. 

വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലെ സാങ്കേതിക വിദഗ്ധർ സ്ഥലം സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടിന്റെ ചുരുക്കമാണു ജലവിഭവ സെക്രട്ടറി ഹൈക്കോടതിയിൽ സമർപ്പിച്ചത്. കുറുമാലി പുഴ വളഞ്ഞ് ഒഴുകുന്നതിന്റെ സമീപത്താണ് ആറ്റപ്പിള്ളി പാലം. വെള്ളത്തിന്റെ ഒഴുക്ക് പാലത്തിന്റെ ഒരുഭാഗത്തേക്ക് കൂടുതലായി വരുന്നതും സങ്കീർണതകൾ നിറഞ്ഞ സാങ്കേതിക വിഷയങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. 41 വർഷം മുൻപാണ് ആറ്റപ്പിള്ളി പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. 15 വർഷം മുൻപ് നിർമാണം ആരംഭിച്ചത്. ആദ്യം 2.7 കോടി എസ്റ്റിമേറ്റ് തയാറാക്കിയ പദ്ധതിക്ക് ഇതുവരെ 17 കോടി രൂപയിലേറെ ചെലവഴിച്ചു.

Post a Comment

0 Comments