പാലിയേക്കര: ടോൾ പ്ളാസയിൽ കരാർ കമ്പനിക്ക് പകരം ടോൾ പിരിക്കുന്നത് മറ്റൊരു കമ്പനി. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നിർമാണവും ടോൾപിരിവും നടത്തിയിരുന്ന ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്ക് പകരം നാഗ്പുർ ആസ്ഥാനമായ ആഷ്മി റോഡ് കരിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ആറുമാസമായി ടോൾ പിരിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ജില്ലാ കളക്ടർ വിശദീകരണം തേടി.
ആറുമാസമായി പുതിയ കമ്പനിയുടെ പേരുവെച്ച ബോർഡ് ടോൾ പ്ലാസയിൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ, പരാതിയായതോടെ ടോൾ പ്ലാസ അധികൃതർ ഈ ബോർഡ് മറയ്ക്കുകയും ചെയ്തു. പുതിയ കമ്പനി അനധികൃതമായാണ് ടോൾപിരിവ് നടത്തുന്നതെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം മന്ത്രിക്കും കളക്ടർക്കും പരാതി നൽകിയിരുന്നു.
പരാതിയെത്തുടർന്നാണ് കളക്ടർ ദേശീയപാത അതോറിറ്റിക്ക് കത്ത് നൽകിയത്. എൻ.എച്ച്.എ.ഐ. പ്രോജക്ട് ഡയറക്ടർക്കാണ് കളക്ടർ നടപടിയാവശ്യപ്പെട്ട് കത്ത് നൽകിയത്.
കളക്ടറുടെ നടപടി സ്വാഗതാർഹമാണെന്നും എന്നാൽ പരാതി അവഗണിക്കുന്ന പൊതുമരാമത്തുമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്നും ഡി.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. കരാറിലെ വ്യവസ്ഥ 32 പ്രകാരം കമ്പനിയെ കരാറിൽനിന്ന് നീക്കാവുന്ന കുറ്റമാണ് നടന്നിരിക്കുന്നതെന്നും കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, ദേശീയപാത അതോറിറ്റി ഡയറക്ടർ, കളക്ടർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ടെന്നും ടാജറ്റ് പറഞ്ഞു.
0 Comments