ഏഴുമാസം മുന്‍പു തിരുവില്വാമല പട്ടിപ്പറമ്പില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ആദിത്യശ്രീ (8) മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. ഫോണ്‍ പൊട്ടിത്തെറിച്ചിട്ടില്ലെന്നും കുട്ടി മരിച്ചതു മറ്റൊരു സ്‌ഫോടനത്തിലൂടെയാണെന്നും ഫൊറന്‍സിക് പരിശോധനാഫലം. കുട്ടിയുടെ ശരീരത്തിലും കിടക്കയിലും പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി.
പറമ്പില്‍ നിന്നോ മറ്റോ ലഭിച്ച പടക്കം പോലുള്ള സ്‌ഫോടകവസ്തു കുട്ടി കിടപ്പുമുറിയില്‍ കൊണ്ടുവന്നു കടിച്ചതാകാം അപകടകാരണമെന്നു സംശയിക്കുന്നു. എന്നാല്‍, സംഭവത്തെപ്പറ്റി പ്രതികരിക്കാന്‍ കുട്ടിയുടെ വീട്ടുകാര്‍ തയാറായില്ല. ഫൊറന്‍സിക് റിപ്പോര്‍ട്ട് വന്നതോടെ കേസ് വീണ്ടും തുറന്നെന്നും രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തെന്നും പൊലീസ് അറിയിച്ചു.
പട്ടിപ്പറമ്പ് കുന്നത്ത് അശോക്കുമാറിന്റെയും സൗമ്യയുടെയും ഏകമകളും ക്രൈസ്റ്റ് ന്യൂലൈഫ് സ്‌കൂള്‍ വിദ്യാര്‍ഥിയുമായ ആദിത്യശ്രീ കഴിഞ്ഞ ഏപ്രില്‍ 24നു രാത്രി 10.30ന് ആണു കിടപ്പുമുറിയില്‍ സ്‌ഫോടനത്തില്‍ മരിച്ചത്. അശോകും സൗമ്യയും തിരുവില്വാമലയിലെ ജോലിസ്ഥലത്തുനിന്നു തിരിച്ചെത്തുന്നതിനു മുന്‍പായിരുന്നു അപകടം. അശോകിന്റെ അമ്മ സരസ്വതി ഫോണ്‍ മുറിയില്‍ വച്ചശേഷം അടുക്കളയിലേക്കു പോയസമയത്താണു പൊട്ടിത്തെറിയുണ്ടായത്.
0 Comments