തൃശൂർ: പാർട്ട് ടൈം ജോലി എന്ന് വിശ്വസിപ്പിച്ച് സൈബർ കെണിയിൽ കുടുക്കി ഇരിങ്ങപ്പുറം സ്വദേശിയായ യുവാവിൽനിന്ന് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. മഹാരാഷ്ട്ര വാർധ ധയാൽ നഗർ നിരൻകാരി ഭവൻ ധീരജ് സുരേഷ് അധ്വാനി (30) ആണ് അറസ്റ്റിലായത്.
ഗുരുവായൂർ ഇരിങ്ങപ്പുറം സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ സിറ്റി പൊലീസ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വീട്ടിലിരുന്ന് പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം എന്ന സന്ദേശത്തിൽ വിശ്വസിച്ച് അവർ അയച്ചുതന്ന ടെലഗ്രാം ലിങ്ക് പ്രകാരം യുവാവ് ടെലഗ്രാം അക്കൗണ്ട് വഴി ചാറ്റ് ചെയ്ത് തട്ടിപ്പുകാർ നൽകിയ വിവിധ ടാസ്കുകൾ പൂർത്തിയാക്കാനായി പല തവണകളായി മൊത്തം 19,92,400 രൂപയാണ് അയച്ചുകൊടുത്തത്.
ലാഭവിഹിതം 15,600 രൂപയെന്ന് അറിയിച്ച് 3600 രൂപ മാത്രമാണ് ലഭിച്ചത്. പരാതിയിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്. സുധീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കുറ്റകൃത്യത്തിന് പിറകിൽ മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലായി വലിയ ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നും കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുന്നുണ്ടെന്നും സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ വി.എസ്. സുധീഷ് കുമാർ പറഞ്ഞു.
സബ് ഇൻസ്പെക്ടർ ആർ.എൻ. ഫൈസൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിനോദ് എൻ. ശങ്കർ, സിവിൽ പൊലീസ് ഓഫിസർമാരായ വി.ബി. അനൂപ്, കെ. അനീഷ് എന്നിവരാണ് അന്വേഷണ സംഘാംഗങ്ങൾ.
0 Comments