ഭാര്യയുമായിട്ടുള്ള ബന്ധത്തില്‍ സംശയിച്ച് സുഹൃത്തിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും. അരിമ്പൂര്‍ പരക്കാട് കായല്‍ റോഡ് കോളനിയില്‍ താമസിച്ചിരുന്ന മുറ്റിശ്ശേരി വീട്ടില്‍ രതീഷിനെ(37) ആണ് തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് സാലിഹ് കെ.ഇ ശിക്ഷിച്ചത്. 2018 സെപ്തംബര്‍ 24ന് രാത്രി 11.30യോടെയാണ് കേസിനാസ്പദമായ സംഭവം. കരിയാട്ടില്‍ കലേഷിനെ ആണ് കൊലപ്പെടുത്തിയത്. ഭാര്യയുടെ സ്വഭാവശുദ്ധിയില്‍ സംശയിച്ചിരുന്ന രതീഷ് ഭാര്യയെ വാളുപയോഗിച്ച് വീട്ടില്‍ വെച്ച് വെട്ടി. രക്ഷപ്പെട്ട് പുറത്തേക്കോടിയ ഭാര്യയെ അന്വേഷിച്ച് പ്രതി സംഭവസ്ഥലത്തിനടുത്തുള്ള എല്ലാ വീടുകളിലും കയറി ഇറങ്ങുന്നതിനിടയില്‍ ഭാര്യയെ ഒളിപ്പിച്ചുവെച്ചുവെന്ന് സംശയിച്ച് കലേഷിനെ വാളുകൊണ്ട് വെട്ടുകയുമായിരുന്നു. വെട്ടുകൊണ്ട് പുറത്തേക്ക് ഓടിയ കലേഷിനെ പിന്‍തുടര്‍ന്നും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 15 സാക്ഷികളെയും 25 രേഖകളും ഹാജരാക്കി.വിചാരണവേളയില്‍ ദൃക്സാക്ഷിയായ രതീഷിന്റെ ഭാര്യ കൂറു മാറിയിരുന്നു. എന്നാൽ ആക്രമണത്തിനെ തുടര്‍ന്ന് ഭാര്യയുടെ ചികിത്സാ രേഖകളും പോലീസില്‍ കൊടുത്ത മൊഴിയും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി എതിര്‍വിസ്താരം നടത്തിയതിനാല്‍ രതീഷിന് അനുകൂലമായി നൽകിയ മൊഴി കോടതി വിശ്വാസത്തിലെടുത്തില്ല. രതീഷിന് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പ്രതിഭാഗം പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും അതിക്രൂരമായ കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും ഹാജരാക്കിയ രേഖകളും സാക്ഷിമൊഴികളും സഹായകരമായി. മുന്‍പ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതി അതിക്രൂരമായ കൊലപാതകം നടത്തിയതിനാല്‍ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന പ്രോോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചാണ് പ്രതിക്ക് ജീവപര്യന്തം കഠിന തടവിനു പുറമെ നാല് കൊല്ലം കൂടുതല്‍ കഠിന തടവും 3,50,000 രൂപ പിഴയും കോടതി വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് കൊല്ലം കൂടുതല്‍ തടവ് അനുഭവിക്കണം.അന്തിക്കാട് സി.ഐ ആയിരുന്ന പി.കെ മനോജ് കുമാറാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാര്‍, പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരായ ലിജി മധു, കെ.പി.അജയ് കുമാര്‍ എന്നിവര്‍ ഹാജരായി.
0 Comments