ഏകദിന ക്രിക്കറ് ലോകകപ്പിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ





ഏകദിന ക്രിക്കറ് ലോകകപ്പിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ. കഴിഞ്ഞ ലോകകപ്പ് സെമിയിലേറ്റ തോല്‍വിക്ക് അതേ കെയ്ന്‍ വില്യംസണോടും സംഘത്തോടും കണക്ക് തീര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. 70 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ നാലാം ഫൈനല്‍. ഇന്ത്യ ഉയര്‍ത്തിയ 398 റണ്‍സ് വിജലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കിവീസ് 48.5 ഓവറില്‍ 327 റണ്‍സിന് ഓള്‍ഔട്ടായി. വ്യാഴാഴ്ച നടക്കുന്ന ഓസ്‌ട്രേലിയ - ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനല്‍ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ നേരിടും.

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിനു മുന്നില്‍ പതറാതെ തകര്‍പ്പന്‍ പോരാട്ടം കാഴ്ചവെച്ച് തല ഉയര്‍ത്തി തന്നെയാണ് കിവീസ് മടങ്ങുന്നത്. സെഞ്ചുറി നേടിയ ഡാരില്‍ മിച്ചല്‍ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക വിതച്ച ശേഷമാണ് കീഴടങ്ങിയത്. 119 പന്തില്‍ ഏഴ് സിക്‌സും ഒമ്പത് ഫോറുമടക്കം 134 റണ്‍സെടുത്ത മിച്ചല്‍ 46-ാം ഓവറില്‍ മടങ്ങിയതോടെ കിവീസിന്റെ പോരാട്ടവീര്യത്തിനും അവസാനമായി.

ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് സെമിയിലും ഇന്ത്യന്‍ പേസാക്രമണം നയിച്ചത്. ഈ ലോകകപ്പില്‍ ഇത് മൂന്നാം തവണയാണ് ഷമി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ഇതോടൊപ്പം ലോകകപ്പില്‍ 50 വിക്കറ്റുകളെന്ന നേട്ടവും ഷമി സ്വന്തം പേരിലാക്കി. ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളില്‍നിന്ന് ഈ നേട്ടത്തിലെത്തുന്ന താരമാണ് ഷമി.

398 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ന്യൂസീലന്‍ഡിന് 39 റണ്‍സിനിടെ ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെ (13), രചിന്‍ രവീന്ദ്ര (13) എന്നിവരെ നഷ്ടമായിരുന്നു. മുഹമ്മദ് ഷമിയാണ് ഇരുവരെയും മടക്കിയത്.

പിന്നാലെ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ - ഡാരില്‍ മിച്ചല്‍ സഖ്യം കിവീസിന് പ്രതീക്ഷ നല്‍കി. 181 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം ഇന്ത്യന്‍ ആരാധകരുടെ നെഞ്ചില്‍ തീ കോരിയിട്ടാണ് മുന്നേറിയത്. എന്നാല്‍ ബുംറയുടെ പന്തില്‍ വില്യംസണെ കൈവിട്ട ഷമി 33-ാം ഓവറില്‍ വില്യംസണെ പുറത്താക്കി പ്രായശ്ചിത്തം ചെയ്തു. പിന്നാലെ അതേ ഓവറില്‍ ടോം ലാഥത്തെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തു.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഗ്ലെന്‍ ഫിലിപ്‌സിനെ കൂട്ടുപിടിച്ച് മിച്ചല്‍ 75 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യ വീണ്ടും വിറച്ചു. പക്ഷേ 43-ാം ഓവറില്‍ ഫിലിപ്‌സിനെ മടക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. 33 പന്തില്‍ 41 റണ്‍സായിരുന്നു ഫിലിപ്‌സിന്റെ സമ്പാദ്യം. പിന്നാലെ മാര്‍ക്ക് ചാപ്മാനെ (2) മടക്കി കുല്‍ദീപും വിക്കറ്റ് വേട്ടയില്‍ പങ്കാളിയായി. 46-ാം ഓവറില്‍ മിച്ചലും മടങ്ങിയതോടെ ഇന്ത്യയ്ക്ക് ആശ്വാസം.

നേരത്തേ ഇന്ത്യ നിശ്ചിത 50-ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സെടുത്തിരുന്നു. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്, ഏകദിനത്തില്‍ 50-ാം സെഞ്ചുറി, ഒരു ലോകകപ്പില്‍ കൂടുതല്‍ 50-ല്‍ അധികം റണ്‍സ് എന്നിങ്ങനെ റെക്കോഡുകള്‍ ഓരോന്നായി കോലി തിരുത്തിയെഴുതിയ മത്സരത്തില്‍ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ കിവീസിനു മുന്നില്‍വെച്ചത്.

സെഞ്ചുറി പ്രകടനവുമായി തിളങ്ങിയ കോലിയും ശ്രേയസ്സ് അയ്യരുമാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ നെടുംതൂണ്‍. കിവീസ് ബൗളര്‍മാരെ ഒന്നടങ്കം പ്രഹരിച്ച ബാറ്റര്‍മാര്‍ വാംഖഡേയില്‍ മിന്നുംപ്രകടനമാണ് കാഴ്ചവെച്ചത്.

സെമിയില്‍ ടോസിന്റെ ഭാഗ്യം തുണച്ചതോടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. കിവികള്‍ക്കെതിരായ സെമിയിലെ ചരിത്രത്തിലെക്കൊന്നും തിരിഞ്ഞുനോക്കാതെ രോഹിത്തും സംഘവും തുടങ്ങി. വെടിക്കെട്ടോടെ. കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ടു തന്നെ ഗില്ലും രോഹിത്തും ആദ്യ ഓവറുമുതല്‍ തന്നെ കിവീസ് ബൗളര്‍മാരെ പ്രഹരിച്ചു. വെടിക്കെട്ടുമായി ഇരുവരും വാംഖഡെയില്‍ കളംനിറഞ്ഞതോടെ ഇന്ത്യന്‍ സ്‌കോര്‍ വേഗത്തില്‍ 50-കടന്നു. പിന്നാലെ ടീം സ്‌കോര്‍ 71-ല്‍ നില്‍ക്കേ രോഹിത്ത് പുറത്തായി. സൗത്തിയുടെ പന്തില്‍ രോഹിത്ത് വില്യംസന്റെ കൈകളില്‍ ഒതുങ്ങി. 29 പന്തില്‍ നിന്ന് നാല് വീതം സിക്‌സും ഫോറുമടക്കം 47 റണ്‍സെടുത്താണ് രോഹിത് പുറത്തായത്.

പിന്നാലെ ഇറങ്ങിയ കോലി പതിയെയാണ് തുടങ്ങിയത്. മറുവശത്ത് ഗില്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്തി. പിന്നാലെ കിവീസ് ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചു. മികച്ച കൂട്ടുകെട്ടും പടുത്തുയര്‍ത്താന്‍ തുടങ്ങി. പിന്നെ കോലി റെക്കോഡുകള്‍ ഓരോന്നായി വെട്ടിപ്പിടിക്കുന്നതിനാണ് വാംഖഡെ സാക്ഷ്യം വഹിച്ചത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് കോലി ആദ്യം എത്തിപ്പിടിച്ചത്. ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്ങിനെയാണ് മറികടന്നത്. പിന്നാലെ 22.4 ഓവറില്‍ ടീം 164-1 എന്ന നിലയില്‍ നില്‍ക്കേ ശുഭ്മാന്‍ ഗില്ലിനെ മുംബൈയിലെ കൊടും ചൂടില്‍ പേശീവലിവ് അലട്ടി. ഇതോടെ താരം റിട്ടയേഡ് ഹര്‍ട്ടായി മടങ്ങി. പകരം ശ്രേയസ് അയ്യര്‍ ക്രീസിലെത്തി.

തുടര്‍ന്ന് കോലിയും ശ്രേയസും കിവീസിനെതിരായ പോരാട്ടത്തിന് ചുക്കാന്‍പിടിച്ചു. വൈകാതെ 50-തികച്ച കോലി വീണ്ടും ചരിത്രമെഴുതി. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ 50-ലധികം റണ്‍സ് നേടുന്ന താരമായാണ് കോലി മാറിയത്. എട്ട് തവണ 50-ലധികം റണ്‍സ് നേടിയ കോലി സച്ചിന്‍(2003), ഷാക്കിബ്(2019) എന്നിവരുടെ നേട്ടമാണ് മറികടന്നത്. ശ്രേയസും വെടിക്കെട്ട് ബാറ്റിങ്ങുമായി കളംനിറയുന്നതാണ് പിന്നീട് വാംഖഡേയില്‍ കണ്ടത്.

80-റണ്‍സ് കണ്ടെത്തിയ കോലി മറ്റൊരു ചരിത്രവും കുറിച്ചു. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന സച്ചിന്റെ റെക്കോഡ് തിരുത്തിയെഴുതി. 2003 ലോകകപ്പില്‍ 673 റണ്‍സായിരുന്നു സച്ചിന്റെ സമ്പാദ്യം. മറുവശത്ത് അര്‍ധസെഞ്ചുറി തികച്ച ശ്രേയസ് അയ്യരും കോലിക്ക് മികച്ച പിന്തുണ നല്‍കി. പിന്നെ കോലിയുടെ 50-ാം സെഞ്ചുറിയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു ക്രിക്കറ്റ് ലോകം. ഇമ ചിമ്മാതെ ലോകം ഒന്നടങ്കം ആ നിമിഷത്തിനായി കാത്തിരുന്നു. ഒടുക്കം അയാള്‍ ആ റെക്കോഡും സ്വന്തമാക്കി.

ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നു. ഇരുവരും നോക്കൗട്ട് റൗണ്ടിലെ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നും പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ 327 നില്‍ക്കേ കോലിയുടെ വിക്കറ്റ് നഷ്ടമായി. 113 പന്തില്‍ രണ്ട് സിക്‌സും ഒമ്പത് ഫോറുമടക്കം 117 റണ്‍സെടുത്താണ് കോലി മടങ്ങിയത്. ചരിത്രം കുറിച്ച് കോലി മടങ്ങുമ്പോള്‍ ഗാലറികളില്‍ നിന്ന് കയ്യടികളുയര്‍ന്നു. 44-ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ശ്രേയസും സെഞ്ചുറി കണ്ടെത്തിയതോടെ ഇന്ത്യ ശക്തമായ നിലയിലെത്തി. 70 പന്തില്‍ നിന്ന് നാല് ഫോറും എട്ട് സിക്‌സും പറത്തി 105 റണ്‍സാണ് ശ്രേയസ് നേടിയത്.

പിന്നാലെ കെഎല്‍ രാഹുലും(20 പന്തില്‍ 39) തിരിച്ചുവന്ന ഗില്ലിന്റേയും പ്രകടനത്തില്‍ ഇന്ത്യന്‍ ഇന്നിങ്സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 397-ല്‍ അവസാനിച്ചു. ഗില്‍ 66 പന്തില്‍ നിന്ന് 80 റണ്‍സോടെ പുറത്താകാതെ നിന്നു. സൂര്യകുമാര്‍ യാദവ് ഒരു റണ്ണെടുത്ത് പുറത്തായി. കിവീസിനായി ടിം സൗത്തി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ബോള്‍ട്ട് ഒരു വിക്കറ്റെടുത്തു.





pudukad news puthukkad news

Post a Comment

0 Comments