മാള: വീട്ടിലെ ‘ദോഷങ്ങൾ’ മാറ്റാമെന്ന് പറഞ്ഞെത്തിയ അജ്ഞാതൻ ആഭരണങ്ങൾ തട്ടിയെടുത്തു. മാള പുത്തൻചിറയിലാണ് തട്ടിപ്പ്. വീടിന് ദോഷങ്ങൾ ഉണ്ടെന്നും വീട്ടിലെ സ്വർണം ക്ഷേത്രത്തിൽ കൊണ്ടുപോയി പൂജിക്കണമെന്നും വിശ്വസിപ്പിച്ച് വീട്ടമ്മയെ കബളിപ്പിക്കുകയായിരുന്നു. പുത്തൻചിറ മങ്കിടി ജങ്ഷന് സമീപം ഒറ്റയ്ക്ക് താമസിക്കുന്ന ചേറോട്ടായി വീട്ടിൽ ഓമനയാണ് തട്ടിപ്പിനിരയായത്. പൂജിച്ച് തിരിച്ച് എത്തിക്കാം എന്ന് വിശ്വസിപ്പിച്ച് സ്വർണാഭരണം ഊരി വാങ്ങുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഇരുട്ടിയിട്ടും ഇയാൾ സ്വർണവുമായി മടങ്ങി വരാതായപ്പോൾ മകളെ വിളിച്ച് വീട്ടമ്മ വിവരം പറഞ്ഞു. ഇതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ഉടനെ മാള പൊലീസിൽ പരാതി നൽകുകയായിരുന്നു. ഏഴ് പവൻ നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടമ്മ പറയുന്ന രീതിയിൽ വസ്ത്രം ധരിച്ച വ്യക്തിയെ മങ്കിടി പരിസരത്ത് കണ്ടതായി നാട്ടുകാർ പറയുന്നു. പൊലീസ് സി.സി ടി.വി കേന്ദ്രീകരിച്ച് അന്വേഷം ആരംഭിച്ചിട്ടുണ്ട്.
0 Comments