സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലില്‍ ദേവസ്വങ്ങള്‍ക്ക് സംതൃപ്തി
തൃശൂർ: ‘അസമയ’ത്തെ വെടിക്കെട്ട് നിരോധിച്ച ഹൈകോടതി സിംഗിൾ ബെഞ്ച് വിധിയിൽ കടുത്ത നിരാശയിലും ആശങ്കയിലുമായിരുന്ന പൂരനഗരിയിൽ, ചൊവ്വാഴ്ച ഉത്തരവ് ഭാഗികമായി റദ്ദാക്കി ഡിവിഷൻ ബെഞ്ച് ഉത്തരവ് വന്നതോടെ ആഹ്ലാദ പൂത്തിരി വിരിഞ്ഞു. സിംഗിൾ ബെഞ്ച് വിധി തൃശൂർ പൂരത്തെയടക്കം ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു.
നിലവിൽ സുപ്രീംകോടതിയുടെ പ്രത്യേക അനുമതി തൃശൂർ പൂരം വെടിക്കെട്ടിനുണ്ടെങ്കിലും ഹൈകോടതി വിധിയുടെ സാഹചര്യം ഏത് നിലയിലാവും ബാധിക്കുകയെന്നത് വ്യക്തതയില്ലാത്തതായിരുന്നു ആശങ്കയായത്. എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ് തിരുത്തിയ ഡിവിഷൻ ബെഞ്ച് ഉത്തരവിൽ നേരിയ അവ്യക്തതക്ക് പോലും ഇടയില്ലാത്ത വിധം തൃശൂർ പൂരത്തിന് ഉത്തരവ് ബാധകമല്ലെന്ന് വ്യക്തമാക്കിയതോടെയാണ് പൂരപ്രേമികൾക്ക് മനം നറഞ്ഞത്.
സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാൻ തൃശൂർ പൂരത്തിന്റെ മുഖ്യ പങ്കാളി ക്ഷേത്രങ്ങളായ തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങൾ നിയമപരിശോധനയിലേക്ക് കടന്നിരുന്നു.
ഉത്തരവിന് പിന്നാലെ സർക്കാർ നേരിട്ട് അപ്പീൽ പോകുമെന്നും ദേവസ്വം-ട്രസ്റ്റി ബോർഡുകൾക്ക് അപ്പീൽ നൽകാൻ സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിലും മുഖ്യമന്ത്രിയോട് നേരിട്ടും വിഷയത്തിന്റെ ഗൗരവം മന്ത്രി ശ്രദ്ധയിൽപ്പെടുത്തി. തുടർനടപടി വേഗത്തിലാക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ഒരൊറ്റ ദിവസം കൊണ്ട് നിയമോപദേശം തേടുകയും അപ്പീൽ നൽകുകയും അടിയന്തരമായി ചൊവ്വാഴ്ച പരിഗണിക്കുകയുമായിരുന്നു. ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ച് വിധി പുറത്തുവന്നതിന് പിന്നാലെയും പ്രതികരിച്ച മന്ത്രി നിലപാട് കൂടുതൽ വ്യക്തമാക്കി. വെടിക്കെട്ടുകൾ കേരളത്തിൽ പൂർണമായി നിരോധിക്കുന്നത് പ്രായോഗികമല്ല. വെടിക്കെട്ട് നിരോധിക്കുന്നത് സർക്കാർ നയമല്ലെന്നും സുരക്ഷിത വെടിക്കെട്ടിന് സൗകര്യമൊരുക്കുകയാണ് വേണ്ടതെന്നും പറഞ്ഞു.
തൃശൂർ പൂരത്തിന് സുപ്രീംകോടതിയും ഹൈകോടതി ഡിവിഷൻ ബെഞ്ചും അനുവദിച്ച പ്രത്യേക ഉത്തരവുകളെ പരാമർശിച്ചായിരുന്നു സർക്കാറിന്റെ അപ്പീൽ. 2005ൽ ഇളവ് നൽകിയ സുപ്രീംകോടതി 2006ൽ ഇതിൽ വ്യക്തത വരുത്തി വീണ്ടും ഉത്തരവിറക്കിയിരുന്നതിന്റെ പകർപ്പുകളും കൈമാറിയിരുന്നു.
നഗരത്തിന് നടുവിൽ വടക്കുംനാഥ ക്ഷേത്രമൈതാനിയിലാണ് തൃശൂർ പൂരം വെടിക്കെട്ട് നടക്കുന്നത്. അപകട സാഹചര്യത്തിൽ ജലസുരക്ഷാ മാർഗങ്ങളടക്കം സജ്ജമാക്കിയിട്ടുള്ള രാജ്യത്തെ ഏക പൂരം കൂടിയാണ് തൃശൂർ പൂരം. വിധിയിൽ വ്യക്തത വരുത്തിയ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറത്ത് വന്നതോടെ പൂരപ്രേമികളും ആസ്വാദകരും ഉത്സവ സംഘാടകരും ആഹ്ലാദത്തിലാണ്.
0 Comments