ദേശീയപാതയില്‍ 24 മണിക്കൂറിനുള്ളില്‍ വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ മരിച്ചു


മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാതയില്‍ 24 മണിക്കൂറിനുള്ളില്‍ വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി 8.30നായിരുന്നു ആദ്യ അപകടം. ഇതില്‍ വയോധികന്‍ മരിച്ചു. ശനിയാഴ്ച്ചയുണ്ടായ രണ്ട് അപകടങ്ങളില്‍ വയോധിക ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു.   ചുവന്നമണ്ണില്‍ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചാണ് വയോധികന്‍ മരിച്ചത്. ചുവന്നമണ്ണ് വാകയില്‍ രാഘവന്‍ (74) ആണ് മരിച്ചത്. വിവാഹ വീട്ടില്‍നിന്നും ഭക്ഷണം കഴിച്ച് ഇറങ്ങിയ രാഘവന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിനെ മറികടക്കുന്നതിനിടെ പുറകില്‍ വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. ഊട്ടിയില്‍നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.  പാണഞ്ചേരിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും കഴിഞ്ഞ കാലഘട്ടങ്ങളില്‍ പാര്‍ട്ടി പരിപാടികളില്‍ നിറസാന്നിധ്യവും ആയിരുന്നു മരിച്ച രാഘവന്‍. പീച്ചി പൊലീസും ഹൈവേ റിക്കവറി വിങ്ങും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പിക്കപ്പ് വാനിനു പുറകില്‍ സ്‌കൂട്ടറിടിച്ചായിരുന്നു മറ്റൊരു അപകടം. സ്‌കൂട്ടര്‍ യാത്രക്കാരന്‍ കൊമ്പഴ ഇരുമ്പുപാലം സ്വദേശി തണ്ണിക്കോടന്‍ വീട്ടില്‍ ജോര്‍ജാണ് (54) മരിച്ചത്. കുതിരാന്‍ ഇരുമ്പുപാലത്താണ് അപകടം നടന്നത്.  ദേശീയപാതയില്‍ സ്ഥാപിക്കേണ്ട ദിശാബോര്‍ഡുകള്‍ കൊണ്ടുപോകുന്ന പിക്കപ്പ് വാനിന് പുറകിലാണ് സ്‌കൂട്ടര്‍ ഇടിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായ പരുക്കേറ്റ ജോര്‍ജിനെ ആംബുലന്‍സില്‍ തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.  കരാര്‍ കമ്പനിയുടെ പിക്കപ്പ് വാന്‍ അശാസ്ത്രീയമായി റോഡില്‍ നിര്‍ത്തിയിട്ടതാണ് അപകടകാരണം. വാഹനത്തിന് പുറകില്‍ സുരക്ഷാ ബാരിക്കേഡുകള്‍ വയ്ക്കാതെയാണ് വാഹനം ദേശീയപാതയില്‍ നിര്‍ത്തിയിട്ടതെന്ന് പറയുന്നു. മുടിക്കോട് ദേശീയപാത മുറിച്ചുകടന്ന വയോധികയെ കാര്‍ ഇടിച്ച് തെറിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ കൂട്ടാല പുലക്കുടിയില്‍ വീട്ടില്‍ തങ്കമ്മയാണ് (75) മരിച്ചത്. മുടിക്കോടുനിന്നും കൂട്ടാലയിലെ വീട്ടിലേക്ക് പോകുന്നതിനായി ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് അമിതവേഗതയിലെത്തിയ വാഹനം ഇടിച്ചുതെറിപ്പിച്ചത്.  ഇടിയുടെ ആഘാതത്തില്‍ തങ്കമ്മ റോഡില്‍ തലയടിച്ച് വീണു. ഗുരുതരമായ പരുക്കേറ്റ ഇവരെ ആംബുലന്‍സില്‍ തൃശൂരിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. തൃപ്പൂണിത്തുറയില്‍നിന്നും തിരുപ്പൂരിലേക്ക് പോകുന്ന കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

Post a Comment

0 Comments