എസ്ബിഐ വ്യാജൻ രംഗത്ത്; കണ്ണൂരുകാരന്റെ 25,000രൂപ പോയി, വ്യാജന്മാരെ എങ്ങനെ തിരിച്ചറിയാം




ല തരത്തിലുള്ള ഓണ്‍ലൈൻ തട്ടിപ്പുകളാണ് ഇപ്പോള്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളാ പോലീസ് ഉള്‍പ്പെടെ നിരവധി അധികൃതര്‍ സോഷ്യല്‍ മീഡിയകള്‍ വഴി ഓണ്‍ലൈൻ തട്ടിപ്പിന് എതിരെ ജാഗ്രത നിര്‍ദേശം പങ്കിടാറുണ്ടെങ്കിലും ഇത്തരത്തില്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പല തരത്തിലാണ് ഓണ്‍ലൈനില്‍ തട്ടിപ്പുകള്‍ നടക്കുന്നത്. ഇ ചലാൻ തട്ടിപ്പ്, വ്യാജ ഇലക്‌ട്രിസിറ്റി ബില്‍ തട്ടിപ്പ്, ഡേറ്റിങ് ആപ്പുകള്‍ വഴിയുള്ള തട്ടിപ്പ്, വ്യാജ ബാങ്ക് വെബ്സൈറ്റും ആപ്പുകളും ഉപയോഗിച്ചുള്ള തട്ടിപ്പ് എന്നിങ്ങനെ നിരവധിയാണ് ഇതിന്റെ ഉദാഹരണങ്ങള്‍. കേരളത്തിലും ധാരാളമായി ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ തലശേരിയില്‍ 79കാരനായ വയോധികൻ ഇത്തരത്തില്‍ ഓണ്‍ലൈൻ തട്ടിപ്പിന് ഇരയായത്. ഇദ്ദേഹത്തിന്റെ പക്കല്‍ നിന്ന് 25,000 രൂപയാണ് തട്ടിപ്പുകാര്‍ തട്ടിയെടുത്തത്.

എസ്ബിഐ ബാങ്കിന്റെ യോനോ ആപ്പിന്റെ വ്യാജ പതിപ്പ് നിര്‍മ്മിച്ചാണ് തട്ടിപ്പുകാര്‍ ഇയാളെ ഇരയാക്കിയത്. നിങ്ങള്‍ ഉപയോഗിക്കുന്ന യോനോ ആപ്പ് ബ്ലോക്ക് ആയിരിക്കുന്നു. ഇതിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കണമെങ്കില്‍ പാൻ കാര്‍ഡ് അപ്ഡേറ്റ് ചെയ്യുക എന്ന എസ്‌എംഎസ് ഫോണില്‍ എത്തിയതോടെ ആണ് തട്ടിപ്പിന് തുടക്കമായത്. എസ്‌എംഎസ് ശ്രദ്ധയില്‍ പെട്ട വയോധികൻ എസ്‌എംഎസിനൊപ്പം ഉണ്ടായിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു. ഈ ലിങ്ക് ഇദ്ദേഹത്തെ എത്തിച്ചത് എസ്ബിഐയുടെ വ്യാജ വെബ്സൈറ്റില്‍ ആയിരുന്നു.

കാഴ്ചയില്‍ ഔദ്യോഗിക വെബ്സൈറ്റ് പോലെ തന്നെയാണ് ഈ വ്യാജ വെബ്സൈറ്റും ഉണ്ടായിരുന്നത്. ആയതിനാല്‍ തന്നെ ഇദ്ദേഹം യുസര്‍ നെയിമും പാസ്വേര്‍ഡും നല്‍കി വെബ്സൈറ്റില്‍ ലോഗ് ഇൻ ചെയ്യാൻ ശ്രമിച്ചു. ശേഷം ഫോണില്‍ വന്ന ഒടിപി നമ്ബര്‍ കൂടി നല്‍കിയതോടെയാണ് പണം നഷ്ടപ്പെട്ട കാര്യം എസ്‌എംഎസ് ആയി എത്തിയത്. ഇതോടെയാണ് താൻ വഞ്ചിക്കപ്പെട്ട കാര്യം ഇദ്ദേഹം തിരിച്ചറിഞ്ഞത്. അക്കൗണ്ടില്‍ നിന്ന് 25,000 രൂപയോളമാണ് ഇദ്ദേഹത്തിന് നഷ്ടപ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് ഇദ്ദേഹം പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തലശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന് മുമ്ബും രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഇതിന് സമാനമായ പല കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അജ്ഞാതമായി വരുന്ന സന്ദേശങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതെ ഇരിക്കുക എന്നതാണ് തട്ടിപ്പില്‍ നിന്ന് രക്ഷപെടാനുള്ള ഒരു മാര്‍ഗം. നിങ്ങള്‍ കയറിയിരിക്കുന്ന വെബ്സൈറ്റുകള്‍ ഔദ്യോഗികമാണോ വ്യാജമാണോ എന്ന് തിരിച്ചറിയാനും ധാരാളം മാര്‍ഗങ്ങളുണ്ട്.



‌വെബ്സൈറ്റിന്റെ യുആര്‍എലില്‍ നല്‍കിയിരിക്കുന്ന സ്പെല്ലിങ് നല്ലതുപോലെ പരിശോധിക്കുക. ഇതില്‍ അക്ഷരത്തെറ്റുകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക. മാത്രമല്ല യുആര്‍എലിന്റെ അവസാനം .com, .in പോലുള്ള ഔദ്യോഗിക ഡൊമൈൻ ആണോ എന്നും പരിശോധിച്ച്‌ ഉറപ്പിക്കേണ്ടതാണ്. വ്യാജ വെബ്സൈറ്റുകള്‍ പലപ്പോഴും ഔദ്യോഗിക ഡൊമൈനുകള്‍ ഉപയോഗിക്കാറില്ല. മാത്രമല്ല ബാങ്കിങ് പരമായ ആപ്പുകളോ മറ്റ് ആപ്പുകളോ ഇൻസ്റ്റാള്‍ ചെയ്യുമ്ബോളും നിങ്ങള്‍ നല്ലതുപോലെ ശ്രദ്ധിക്കേണ്ടതാണ്.

ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ മുതലായ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രമെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാവു. സന്ദേശങ്ങളായി വരുന്നതും മറ്റ് വെബ്സൈറ്റുകളില്‍ നിന്നും എടുക്കുന്നതുമായി എപികെ ആപ്പുകള്‍ ഒരിക്കലും ഇൻസ്റ്റാള്‍ ചെയ്യരുത്. വിവിധ തരം മാല്‍വെയര്‍ അടങ്ങിയിരിക്കുന്നതായിരിക്കും ഇത്തരം ആപ്പുകള്‍. നിങ്ങളുടെ ഉപകരണങ്ങള്‍ വിദൂരമായി തന്നെ പ്രവര്‍ത്തിപ്പിക്കാനുള്ള ആക്സസ് സ്കാമര്‍മാര്‍ക്ക് ഇതിലൂടെ ലഭിക്കുന്നുണ്ട്. ആയതിനാല്‍ ഇത്തരം കാര്യങ്ങളോട് അകലം പാലിക്കേണ്ടതാണ്.

അതേ സമയം എന്തെങ്കിലും ഓണ്‍ലൈൻ തട്ടിപ്പുകള്‍ക്ക് നിങ്ങള്‍ ഇരയാകുകയാണെങ്കില്‍ ഈ വിവരം ഒരു മണിക്കൂറിനുള്ളില്‍ തന്നെ 1930 എന്ന സൈബര്‍ പോലീസ് ഹെല്പ് ലൈൻ നമ്ബറില്‍ അറിയിക്കേണ്ടതാണ്. ഒരു മണിക്കൂറിനുള്ളില്‍ വിവരം അറിയിച്ചാല്‍ നഷ്ടപ്പെട്ട മുഴുവൻ തുകയും നിങ്ങള്‍ക്ക് തിരിച്ചുകിട്ടാനുള്ള സാധ്യതയുണ്ട്. വിവരം അറിയിക്കാൻ വൈകുന്തോറും നിങ്ങളുടെ പണം തിരിച്ചുകിട്ടാനുള്ള സാധ്യത കുറയുകയാണ്. ഈ നമ്ബറിന് പുറമെ www.cybercrime.gov.in എന്ന വെബ് സൈറ്റിലും ഉപയോക്താക്കള്‍ക്ക് പരാതി അറിയിക്കാവുന്നതാണ്.

Post a Comment

0 Comments