ശ്രീ കേരളവര്‍മ്മ കോളേജ് യുനിയനിലേക്കുള്ള ചെയര്‍മാന്‍ തിരഞ്ഞെടുപ്പിലെ റീ കൗണ്ടിംഗിൽ എസ്.എഫ്.ഐ സ്ഥാനാർഥി അനിരുദ്ധൻ വിജയിച്ചു


തൃശൂർ ശ്രീ കേരളവര്‍മ്മ കോളേജ് യുനിയനിലേക്കുള്ള ചെയര്‍മാന്‍ തിരഞ്ഞെടുപ്പിലെ റീ കൗണ്ടിംഗിൽ എസ്.എഫ്.ഐ സ്ഥാനാർഥി അനിരുദ്ധൻ വിജയിച്ചു. മൂന്ന് വോട്ടുകൾക്ക് ആണ് അനിരുദ്ധന്റെ വിജയം. അനിരുദ്ധന് 892 വോട്ടും കെ.എസ്.യുവിൻറെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി എസ്. ശ്രീക്കുട്ടന് 889 വോട്ടും ആണ് റീ കൗണ്ടിങ്ങിൽ ലഭിച്ചത്. ശ്രീക്കുട്ടൻ നല്‍കിയ ഹര്‍ജിയില്‍ ഹൈകോടതി നിർദേശപ്രകാരമായിരുന്നു വീണ്ടും വോട്ടെണ്ണൽ. പ്രിൻസിപ്പലിന്റെ ചേമ്പറിനോട്‌ ചേർന്നുള്ള മുറിയിലായിരുന്നു വോട്ടെണ്ണൽ. സ്ഥാനാർഥികളും നാല് സ്ഥാനാർഥികളുടെ രണ്ട് വീതം പ്രതിനിധികളുടെയും സാനിധ്യത്തിലായിരുന്നു വോട്ടെണ്ണൽ. കഴിഞ്ഞ ദിവസം ചെയർമാൻ സ്ഥാനാർഥികളും, വിദ്യാർഥി സംഘടനാപ്രതിനിധികളുടെയും യോഗം ചേർന്ന് വോട്ടെണ്ണലിനുമുള്ള സർവകലാശാല ചട്ടവും നടപടിക്രമങ്ങൾ പ്രിൻസിപ്പൽ പ്രൊഫ. വി.എ നാരായണൻ വിശദീകരിച്ചിരുന്നു.വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെ.എസ്.യു കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ നിലവിൽ വിജയിയായി പ്രഖ്യാപിച്ചിരുന്ന എസ്.എഫ്.ഐയുടെ സ്ഥാനാർഥിയുടെ വിജയം റദ്ദാക്കി, അസാധുവോട്ടുകളടക്കം കൂട്ടിച്ചേർത്ത് എണ്ണിയത് അപകാതയുണ്ടെന്ന് കണ്ടെത്തിയതിൽ വീണ്ടും വോട്ടെണ്ണുന്നതിനായിരുന്നു കോടതി നിർദേശം. ആദ്യ വോട്ടെണ്ണലിൽ ഇടക്കിടെ വൈദ്യുതി തകരാറിലായിരുന്നത് വോട്ടെണ്ണലിൽ അട്ടിമറിയാണെന്ന് കെ.എസ്.യു ആരോപിച്ചിരുന്നു. ഇതിനടക്കം പ്രതിവിധിയോടെയായിരുന്നു ശനിയാഴ്ചയിലെ വോട്ടെണ്ണൽ. പ്രിൻസിപ്പലിന്റെ ചേംബറിൽ ഇൻവെർട്ടർ സൗകര്യമടക്കമുണ്ട്. വൈദ്യുതി തകരാറിലാവുന്നത് ഇവിടെ ബാധിക്കില്ല. വോട്ടെണ്ണൽ നടപടികൾ പൂർണമായും വീഡിയോയിലും പകർത്തിയിട്ടുണ്ട്. ട്രഷറി ലോക്കറിൽ ആയിരുന്ന ബാലറ്റുകൾ കഴിഞ്ഞ ദിവസം കോളേജിലെ സ്ട്രോങ്ങ്‌ റൂമിലെ ലോക്കറിലേക്ക് മാറ്റിയിരുന്നു. രാവിലെ ഒൻപതരയോടെ സ്ഥാനാർഥികളുടെയും പ്രതിനിധികളുടെയും സാനിധ്യത്തിലാണ്  ഇത് തുറന്ന് ബോക്സുകൾ ചേംബറിലെത്തിച്ചത്. ഇതിന് ശേഷം ഒൻപതേ മുക്കാലോടെയാണ് വോട്ടെണ്ണലിനുള്ള നടപടികൾ തുടങ്ങിയത്. മുഴുവൻ സ്ഥാനാർഥികളുടേയും പേര് ഒറ്റ ബാലറ്റിലായതിനാലാണ് അസാധു വോട്ടുകൾ മുൻപ് പ്രത്യേകം സൂക്ഷിച്ചിരുന്നില്ല. ഇതാണ് കോടതി നടപടികളിൽ വീഴ്ചയുണ്ടായതായി വിമർശിച്ചത്. അതിനാൽ ചെയർമാൻ സ്ഥാനാർഥിയുടെ പേര് ബാലറ്റിൽ നിന്നും കീറി ആദ്യം അസാധു വോട്ടുകൾ വേർതിരിച്ചു. തുടർന്നാണ് സാധുവായ വോട്ടുകൾ എണ്ണി തുടങ്ങിയത്.ഉച്ചയോടെയാണ് തരം തിരിച്ചറിയാൻ ശേഷം  വോട്ടുകൾ എണ്ണി തുടങ്ങിയത്. വൈകീട്ട് നാലോടെയാണ് വോട്ടെണ്ണൽ പൂർത്തിയായത്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി, എ.ഐ.എസ്.എഫ് സംഘടനകളുടെ സ്ഥാനാര്‍ഥികൾ മത്സരിച്ചിരുന്നു. ഈ മാസം ഒന്നിന് രാവിലെയായിരുന്നു തിരഞ്ഞെടുപ്പ്. 896 വോട്ട് ശ്രീക്കുട്ടന് ലഭിച്ചപ്പോള്‍ എസ്.എഫ്.ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി അനിരുദ്ധന് 895 വോട്ടായിരുന്നു. എസ്.എഫ്.ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടന്നു. വൈകിട്ട് ആറിന് തുടങ്ങിയെങ്കിലും പൂര്‍ത്തിയായത് രാത്രി 12നായിരുന്നു. തുടര്‍ന്ന് 11 വോട്ടിന് അനിരുദ്ധന്‍ വിജയിച്ചതായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് കെ.എസ്.യു രംഗത്ത് വന്നതോടെയാണ് വിവാദമായത്. റീ റീ കൗണ്ടിങ്ങിൽ വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചതോടെ ചെയർമാൻ സ്ഥാനം സംബന്ധിച്ച തർക്കം അവസാനിക്കുമെങ്കിലും രാഷ്ട്രീയ വിവാദം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.

Post a Comment

0 Comments