വത്തിക്കാന് അതൃപ്തി; കർദിനാൾ മാർ ആലഞ്ചേരിയെയും മാർ താഴത്തിനെയും പദവികളിൽ നിന്ന് നീക്കി,മാർപ്പാപ്പയുടെ അനുമതിയോടെ വിരമിക്കുകയാണെന്ന് ആലഞ്ചേരി


സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. സിറോ മലബാർ സഭയുടെ അധ്യക്ഷൻ എന്ന പദവിയിൽ നിന്നും 12 വ‍ർഷത്തിന് ശേഷമാണ് പടിയിറക്കം. ബിഷപ്പ് സെബാസ്ത്യൻ വാണിയപ്പുരക്കലിന് പകരം താൽക്കാലിക ചുമതല നൽകും. ബിഷപ്പ് ബോസ്കോ പുത്തൂരിനാണ് എറണാകുളം – അങ്കമാലി അതിരൂപതയുടെ താൽകാലിക ചുമതല. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്റ്റോലിക്ക് അസ്മിനിസ്ട്രേറ്റർ സ്ഥാനവും ഒഴിഞ്ഞു. ബിഷപ് ബോസ്കോ പുത്തൂരിന് ചുമതല. ആലഞ്ചേരിക്ക് പകരക്കാരനെ ജനുവരിയിലെ സിനഡ് തിരഞ്ഞെടുക്കും. കുർബാന തർക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വത്തിക്കാൻ നേരിട്ട് ഇടപെടുകയായിരുന്നു. ഇതിന്‍റെ ഭാഗമായി വത്തിക്കാൻ പ്രതിനിധി കർദിനാൾ ലിയോ പോൾ ജിറേലി കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി ജോർജ് ആലഞ്ചേരിയുമായി ചർച്ച നടത്തിയിരുന്നു. രണ്ട് കത്തുകളും കൈമാറി ഉടൻ തന്നെ ഇത് നടപ്പിലാക്കാനും നിർദേശിച്ചിരുന്നു. ഇതേ തുടർന്ന് അടിയന്തരമായി വിളിച്ചു ചേർത്ത യോഗത്തിന് ശേഷമാണ് ആലഞ്ചേരി പ്രഖ്യാപനം നടത്തിയത്. അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന വിവിധ തർക്കങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയായായിരുന്നു മാർ ആൻഡ്രൂസ് താഴത്തിനെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി വത്തിക്കാൻ നേരത്തെ നിയമിച്ചത്. എന്നാൽ, അദ്ദേഹത്തിന് ദൗത്യം വിജയിപ്പിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല, കൂടുതൽ അസ്വസ്ഥതക്ക് ഇടയാക്കുകയും പരാതികൾക്കും അവസരമൊരുക്കി. ഈ സാഹചര്യത്തിലാണ് സ്ഥാനത്തു നിന്നു മാറ്റാൻ തീരുമാനിച്ചത്. മാർപാപ്പയുടെ അനുമതിയോടെ വിരമിക്കുകയാണെന്ന് ആലഞ്ചേരി വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യ പ്രശ്നവും പ്രായാധിക്യവും വത്തിക്കാനെ അറിയിച്ചിരുന്നു. ഇത് വത്തിക്കാൻ അംഗീകരിച്ചു.

Post a Comment

0 Comments