ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. കഴിഞ്ഞ 10 ദിവസത്തിനിടയിലെ ഏറ്റവും വലിയ തിരക്കാണ് ഇന്നലെ ശബരിമലയില്‍ അനുഭവപ്പെട്ടത്. ഇന്നലെ 100969 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പുല്ലുമേട് കാനന പാത വഴി മാത്രം 5798 പേരാണ് ഇന്നലെ എത്തിയത്. ഇന്ന് രാവിലെ 6 മണി വരെ 23167 പേർ ശബരിമലയില്‍ ദര്‍ശനം നടത്തി. ശബരിമലയിൽ തിരക്ക് തുടരുകയാണ്. തിരക്ക് കാരണം പമ്പയിൽ നിന്നും സന്നിധാനത്തെത്താൻ തീര്‍ത്ഥാടകര്‍ക്ക് 16 മണിക്കൂറിലധികം നേരം വരി നിൽക്കേണ്ടിവരുന്നു. അതിനിടെ, ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും പമ്പയിലേക്കുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. മണ്ഡലപൂജയോട് അനുബന്ധിച്ച് പ്രത്യേക നിയന്ത്രണങ്ങൾ ഉണ്ടാകും.
മണ്ഡലകാലത്ത് ശനിയാഴ്‌ച വരെ ശബരിമലയിൽ 25,69,671 തീർഥാടകർ എത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്‌പോട്ട് ബുക്കിങ് ദിവസവും 10,000 എന്ന ക്രമത്തിൽ തുടരുകയാണ്. 15,000 വരെയാക്കണമെങ്കിൽ ദേവസ്വം ബോർഡിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. മകരവിളക്ക് ഉത്സവത്തിനായി നടതുറക്കുമ്പോൾ ജനുവരി മുതൽ സ്‌പോട്ട് ബുക്കിങ്ങിനുള്ള പരിധി 15,000 ആക്കണമോ എന്ന് സർക്കാരുമായി ആലോചിച്ചശേഷം തീരുമാനമെടുക്കും. വെർച്വൽ ക്യൂ ബുക്കിങ് ചൊവ്വാഴ്‌ച 64,000വും മണ്ഡലപൂജാ ദിവസമായ ബുധനാഴ്‌ച 70,000 ആയി ക്രമപ്പെടുത്തി. ജനുവരി മുതൽ വീണ്ടും 80,000 ആകും. ശനിയാഴ്‌ച 97,000ൽ അധികം പേർ ശബരിമല ദർശനത്തിനെത്തിയെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്.
0 Comments