പുത്തൂരിലെത്തിച്ച നരഭോജി കടുവക്ക് നാളെ ശസ്ത്രക്രിയ


വയനാട്ടിൽ  നിന്ന് പിടിയിലായി പുത്തൂര്‍ സുവോളജിക്കൽ പാര്‍ക്കിലേക്ക് മാറ്റിയ നരഭോജി കടുവയുടെ മുഖത്തെ മുറിവ് ആഴമേറിയതെന്ന് പരിശോധനയിൽ വ്യക്തമായി. മുറിവിന് എട്ട് സെന്റിമീറ്ററോളം ആഴമുണ്ടെന്നാണ് വിലയിരുത്തൽ. വനത്തിനുള്ളിൽ കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഉണ്ടായതാവാം മുറിവെന്നുമാണ് നിഗമനം. കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ചികിത്സയ്ക്കുവേണ്ടി കടുവയെ മയക്കുന്നതിനുള്ള അനുമതി ചീഫ് വൈഡ് ലൈഫ് വാർഡൻ നൽകി. നാളെ ഉച്ചയ്ക്ക് വെറ്റിനറി സർവകലാശാലയിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുക. പരുക്കിനെ തുടർന്ന് കടുവയ്ക്ക് ശാരീരിക അവശതയും കടുത്ത വേദനയുമുണ്ടെന്നാണ് സുവോളജിക്കൽ പാര്‍ക്കിൽ നിന്ന് അറിയിച്ചത്. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഇന്നലെയാണ് വയനാട്ടിൽ പിടിയിലായ കടുവയെ എത്തിച്ചത്. 13 വയസ് പ്രായമുള്ള കടുവയെ 40 മുതൽ 60 ദിവസം വരെ പുത്തൂര്‍ സുവോളജിക്കൽ പാര്‍ക്കിൽ ക്വാറന്റൈനിൽ നിര്‍ത്തും. നിലവിൽ നിരീക്ഷണ കേന്ദ്രത്തിലുള്ള കടുവയ്ക്ക് ദിവസം ആറ് കിലോ ബീഫടക്കം ഭക്ഷണം നൽകും. നെയ്യാറിൽ നിന്നെത്തിച്ച വൈഗ, ദുര്‍ഗ എന്നീ പേരുകളുള്ള മറ്റ് രണ്ട് കടുവകളും പുത്തൂരിലെ നിരീക്ഷണ കേന്ദ്രത്തിലുണ്ട്.

Post a Comment

0 Comments