തൃശൂര്‍ ജില്ലയിലെ ഭാരതീയ ചികിത്സാവകുപ്പിലെയും, ഹോമിയോപ്പതി വകുപ്പിലെയും തിരഞ്ഞെടുക്കപ്പെട്ട ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.എ.ബി.എച്ച് എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം ലഭിച്ചു. ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറികളായ കോടന്നൂര്‍, ചൊവ്വന്നൂര്‍, ചെങ്ങാലൂര്‍, മുണ്ടത്തിക്കോട്, അയ്യന്തോള്‍, അവിട്ടത്തൂര്‍ എന്നീ സ്ഥാപനങ്ങളും ഗവ. ഹോമിയോ ഡിസ്‌പെന്‍സറികളായ പഴയന്നൂര്‍, കൊണ്ടാഴി, കൈപ്പറമ്പ്, അയ്യന്തോള്‍ എന്നീ സ്ഥാപനങ്ങളുമാണ് എന്‍.എ.ബി.എച്ച് അംഗീകാരത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്.
കേരളത്തിലെ എല്ലാ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെയും നാല് ഘട്ടങ്ങളായി എന്‍.എ.ബി.എച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നു. ഒന്നാം ഘട്ടത്തിലെ സ്ഥാപനങ്ങളിലെ പ്രാരംഭ നടപടികള്‍ 2023 ഏപ്രിലില്‍ ആരംഭിക്കുകയും, 90 ദിവസം കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി എന്‍.എ.ബി.എച്ച് ലേക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തത് കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യ മേഖലയിലെത്തന്നെ ഒരു നാഴികക്കല്ലാണ്. ഇതേതുടര്‍ന്ന് രണ്ടാം ഘട്ടത്തിലെ തിരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് സ്ഥാപനങ്ങള്‍ക്ക് ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ ഈ അംഗീകാരം നേടിയെടുക്കാനാകും.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുഷ് ചികിത്സാ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന പ്രഖ്യാപിത നിലപാടില്‍ ഉറച്ച ഒരു കര്‍മ്മ പദ്ധതി രൂപീകരിക്കുകയും, അത് സമയബന്ധിതമായി നടപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യ പടിയാണ് ഈ അംഗീകാരം.
ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും വകുപ്പുതല ജില്ലാ ക്വാളിറ്റി ടീമുകള്‍ രൂപീകരിച്ചു. ഓരോ ജില്ലയിലും എന്‍.എ.ബി.എച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാതല നോഡല്‍ ഓഫീസര്‍മാരെയും ഫെസിലിറ്റേറ്റേഴ്‌സിനെയും നിയോഗിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവബോധം നല്‍കുന്നതിലേക്കായി യോഗങ്ങള്‍ സംഘടിപ്പിച്ചു. ക്വാളിറ്റി ടീമുകള്‍ക്കും കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്കും വിവിധ തലങ്ങളില്‍ പരിശീലനങ്ങള്‍ നല്‍കി. ജില്ലാ- സംസ്ഥാനതലങ്ങളില്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് ന്യൂനതാ പരിശോധനകള്‍ നടത്തി. ഇതിനായി ഒരു മൂല്യനിര്‍ണയ മാനേജ്‌മെന്റ് കമ്മിറ്റിയെയും ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനായി ഒരു ഡോക്യുമെന്റേഷന്‍ ടീമിനെയും രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ രാജ്യത്താദ്യമായി ഒരു ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്കായുള്ള എന്‍.എ.ബി.എച്ച് എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ഇംപ്ലിമെന്റേഷന്‍ കൈപ്പുസ്തകം തയ്യാറാക്കി. ഈ പദ്ധതിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തികള്‍ നടത്തുവാന്‍ കമ്മ്യുണിറ്റി ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്ക് ഈ കൈപ്പുസ്തകം സഹായകമാകും.
വിപുലമായ ഗ്യാപ്പ് അനാലിസിസ് നടത്തി എല്ലാ സ്ഥാപനങ്ങളിലും അവശ്യമായ മുഴുവന്‍ ബയോമെഡിക്കല്‍ ഉപകരണങ്ങളുടെയും ലബോറട്ടറി ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കി. ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ 2023 ഡിസംബറില്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. വരുന്ന മാര്‍ച്ച് മാസം രണ്ടാം ഘട്ടത്തിലുള്ള സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍ പ്രവ ര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. 13 സ്ഥാപനങ്ങള്‍ ആണ് എന്‍.എ.ബി.എച്ച് സ്റ്റാന്‍ഡേര്‍ഡിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. നാഷണല്‍ ആയുഷ് മിഷ ന്റെയും തദ്ദേശ സ്വയഭരണ സ്ഥാപങ്ങളുടെയും പൂര്‍ണ സഹകരണം മുതല്‍ക്കൂട്ടായി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 532.51 കോടി രൂപയാണ് ആയുഷ് മേഖലയുടെ വികസനത്തിനായി അനുവദിച്ചത്. മുന്‍ വര്‍ഷങ്ങളേക്കാള്‍ മൂന്നിരട്ടി വര്‍ധനവാണ് ഉണ്ടായത്. ആയുര്‍വേദ ചികിത്സാ രംഗം ശക്തിപ്പെടുത്തുന്നതിന് പുതുതായി 116 തസ്തികകള്‍ സൃഷ്ടിച്ചു. ഹോമിയോപ്പതി വകുപ്പില്‍ പുതുതായി 40 മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തികകള്‍ സൃഷ്ടിച്ചു. ജീവിതശൈലീ രോഗ പ്രതിരോധത്തിന് പ്രാധാന്യം നല്കിക്കൊണ്ട് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിച്ചു. ആയുഷ് മേഖലയില്‍ ഇ ഹോസ്പിറ്റല്‍ സംവിധാനം നടപ്പിലാക്കി. സംസ്ഥാനത്ത് 600 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ ആണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന മികവും പദ്ധതി നിര്‍വഹണമേന്മയും കണക്കിലെടുത്ത് പുതുതായി 100 കേന്ദ്രങ്ങള്‍ കൂടി ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. ആയുഷ് മേഖലയിലെ കേരളത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റത്തെ നീതി ആയോഗ് അഭിനന്ദിച്ചിട്ടുണ്ട്. ദേശീയതല അവലോകനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങുന്ന നീതി ആയോഗ് പ്രതിനിധി സംഘം ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമുള്ള റിപ്പോര്‍ട്ടിലാണ് കേരളത്തെ അഭിനന്ദിച്ചത്. ആയുഷ് ഒ.പി. വിഭാഗത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സേവനം നല്കുന്നത് കേരളത്തിലാണ്.
0 Comments