ശുചിമുറി മാലിന്യം തള്ളി മലിനമായ
വരന്തരപ്പിള്ളി കോരനൊടി പുതുകുളത്തിൽ ക്ലോറിനേഷൻ നടത്തി. വരന്തരപ്പിള്ളി ആരോഗ്യ വിഭാഗം അധികൃതരാണ് രണ്ട് ചാക്ക്ബ്ലീച്ചിംഗ് പൗഡർ എത്തിച്ച് ക്ലോറിനേഷൻ നടത്തിയത്.കുളത്തിലെ വെള്ളം പമ്പ് ചെയ്ത് കളയാൻ പറ്റാത്ത സാഹചര്യത്തിലാണ് അധികൃതർ മറ്റ് മാർഗങ്ങൾ തേടുന്നത്.വെള്ളം പമ്പ് ചെയ്താൽ പ്രദേശത്തെ ജലസ്രോതസുകളിൽ മാലിന്യം കലരാൻ സാധ്യതയേറെയായതിനാലാണ് അധികൃതർ ക്ലോറിനേഷൻ നടത്തിയത്. കൂടുതൽ ബ്ലീച്ചിംഗ് പൗഡർ എത്തിച്ച് തുടർ ദിവസങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നും, കുളം മാലിന്യമുക്തമാകുന്നതുവരെ പ്രദേശവാസികൾ കുളത്തിൽ ഇറങ്ങരുതെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. ഒരേക്കറിലേറെ വിസ്തൃതിയിലുള്ള കുളത്തിൽ കഴിഞ്ഞ ദിവസമാണ് വ്യാപകമായി ശുചിമുറി മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയത്.നിറയെ വെള്ളമുള്ള കുളം പൂർണമായും മലിനമായ നിലയിലാണ്. കുളത്തിൽ ശുചിമുറി മാലിന്യം തള്ളിയവരെ കണ്ടെത്തുന്നതിനായി വരന്തരപ്പിള്ളി പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചുവരികയാണ്.
0 Comments