കേരള സാഹിത്യ അക്കാദമി ചരിത്രത്തിലാദ്യമായി സാർവദേശീയ സാഹിത്യോത്സവത്തിന് അരങ്ങൊരുക്കുന്നു. 28 മുതൽ ഫെബ്രുവരി മൂന്നുവരെ സാഹിത്യ അക്കാദമി, ടൗൺഹാൾ എന്നിവിടങ്ങളിൽ സജ്ജമാക്കുന്ന നാല് വേദികളിലാണ് സാഹിത്യോത്സവം. 28 ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുമെന്ന് അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ, സെക്രട്ടറി സി പി അബൂബക്കർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏഴ് ദിവസങ്ങളിലായി 107 സെഷനുകൾ നടക്കും. ഇന്ത്യക്കകത്തും പുറത്തുനിന്നുമായി മുപ്പതോളം എഴുത്തുകാരും കേരളത്തിൽനിന്നുള്ള അഞ്ഞൂറിലേറെ സാഹിത്യകാരന്മാരും പങ്കെടുക്കും. സാഹിത്യം, സംഗീതം, സിനിമ, നാടകം, ചിത്രകല, സാമൂഹ്യം, ശാസ്‌ത്രം, മാധ്യമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച, പ്രഭാഷണം, സംഭാഷണം എന്നിവയും ഉണ്ടാകും. കേരളത്തിൽ പൊതുമേഖലയിലുള്ള ആദ്യ സംരംഭമാണിത്. ടൗൺഹാളിലാണ് പുസ്തകോത്സവം. പ്രകൃതി, മൊഴി, പൊരുൾ, അറിവ് എന്നീ നാലു വേദികളിലായാണ് സാഹിത്യോത്സവം. പലസ്തീനിലെ നജ്വാൻ ദർവീഷ്, ഫ്രാൻസിലെ ഫ്രാൻസിസ് കൂമ്ബ്സ്, അയർലണ്ടിലെ ബിയേൽ റോസൻ സ്റ്റോക്, ശ്രീലങ്കൻ സാഹിത്യകാരൻ ചേരൻ, പാകിസ്ഥാനിലെ മുഹമ്മദ് അസീസ്, പോളണ്ടിലെ അലെക്സാന്ദ്ര ബ്യൂളർ, ഇംഗ്ലണ്ടിലെ അഡ്രിയാൻ ഫിഷർ, ലാറ്റിൻ അമേരിക്കയിലെ ഹുവാന അഡ്കൊക്, ലൂനാ മോണ്ടെനെഗ്രോ, നേപ്പാളിലെ തുളസി ദേവാസാ, ഇസ്രായേലിലെ അമീർ ഓർ തുടങ്ങിയ എഴുത്തുകാരും ശബ്‌നം ഹാഷ്മി, ഗൗഹാർ രസ, പെരുമാൾ മുരുകൻ, ബവ ചെല്ലാദുരൈ, എസ് രാമകൃഷ്ണൻ, എസ് കണ്ണൻ, അനിതനായർ, എച്ച് എസ് ശിവപ്രകാശ്, വിവേക് ഷാൻ ഭാഗ്, സൽമ, സുകുമാരൻ, സോനറ്റ് മണ്ഡൽ, രതി സാന, സച്ചിൻ കേത്കർ, ഹേമൻഗ് ദേശായി, റോബിൻ ഗാനഗോം തുടങ്ങി ഇന്ത്യയിലെ വിവിധ ഭാഷകളിലെ എഴുത്തുകാരും പങ്കെടുക്കും. ആദ്യത്തെ ആറുദിവസവും കഥകളി, നാടകം, സംഗീതം, നൃത്തം തുടങ്ങിയ കലാപരിപാടികളുണ്ടാകും.
0 Comments