കാട്ടൂർ∙ യുവതിയെന്ന വ്യാജേന സമൂഹമാധ്യമത്തിലൂടെ പ്രവാസി യുവാവുമായി അടുപ്പം സ്ഥാപിച്ച് വിളിച്ചുവരുത്തി പണം തട്ടിയ കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. കാറളം വെള്ളാനി സ്വദേശി പെരുങ്ങാട്ടിൽ പ്രിൻസ് (23), പ്രായപൂർത്തിയാകാത്ത തൃപ്രയാർ സ്വദേശി എന്നിവരാണു പിടിയിലായത്.
വിദേശത്തു ജോലി ചെയ്യുന്ന യുവാവു നാട്ടിലെത്തിയശേഷം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഏയ്ഞ്ചൽ എന്ന ‘പെൺകുട്ടിയെ’ നേരിൽ കാണാൻ എത്തിയതായിരുന്നു. പെൺകുട്ടിയുടെ പേരിൽ ചാറ്റ് ചെയ്ത സംഘം കാട്ടൂർ കോതറ പാലത്തിനു സമീപം ആളൊഴിഞ്ഞ പ്രദേശത്തേക്ക് യുവാവിനെ വിളിച്ചുവരുത്തി.
യുവാവിനെ മർദിച്ചും ഭീഷണിപ്പെടുത്തിയും എടതിരിഞ്ഞിയിൽ എത്തിച്ച് കാർഡ് ഉപയോഗിച്ചു എടിഎമ്മിൽനിന്ന് 30,000 രൂപയും പഴ്സിൽനിന്നു 3000 റിയാലും തട്ടിയെടുത്തു. ആദ്യം മടിച്ചെങ്കിലും പിന്നീട് യുവാവ് പരാതി നൽകി. ഡിവൈഎസ്പി ടി.കെ.ഷാജു, ഇൻസ്പെക്ടർ പി.പി.ജസ്റ്റിൻ, എഎസ്ഐ കെ.എസ്.ശ്രീജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
0 Comments