കടുങ്ങാട് പാടശേഖരത്തിലെ 50 എച്ച്.പി. സബ്മേഴ്‌സിബിൾ മോട്ടോറിൽനിന്ന് സ്വിച്ച് ബോർഡിലേക്കുള്ള രണ്ട് കോപ്പർ കേബിളുകൾ മുറിച്ചുകൊണ്ടുപോയ നിലയിൽ |
മുരിയാട് കോൾമേഖലയിൽ വീണ്ടും മോട്ടോർകേബിൾ മോഷണം. ഇരിങ്ങാലക്കുട നഗരസഭ ആറ്, ഏഴ് ഡിവിഷനുകളിൽ ഉൾപ്പെടുന്ന കടുങ്ങാട് പാടശേഖരത്തിലെ മോട്ടോർഷെഡ്ഡിലെ വെള്ളം വറ്റിക്കാൻ ഉപയോഗിക്കുന്ന 50 എച്ച്.പി. സബ്‌മേഴ്‌സബിൾ മോട്ടോറിൽ നിന്ന് സ്വിച്ച്ബോർഡിലേക്ക് 20 മീറ്റർ നീളമുള്ള രണ്ട് കോപ്പർ കേബിളുകളാണ് മോഷണംപോയിരിക്കുന്നത്. മോട്ടോർഷെഡ്ഡിന്റെ ഗ്രില്ല് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്.
ലക്ഷങ്ങൾ വിലയുള്ള കേബിളുകളാണ് മോഷ്ടിച്ചതെന്നും സംഭവത്തിൽ പോലീസിനും കൃഷിവകുപ്പിനും പരാതി നൽകിയിട്ടുണ്ടെന്ന് കർഷകർ പറഞ്ഞു. മുരിയാട് കോൾമേഖലയിൽ സബ്മേഴ്സബിൾ മോട്ടോറുകളുടെ വിലകൂടിയ അഞ്ചാമത്തെ വൈദ്യുതി കണക്ഷൻ കേബിളാണ് ഇതെന്ന് കർഷകർ പറഞ്ഞു. നവംബറിൽ മുരിയാട് ഗ്രാമശ്രീയുടെ 50 എച്ച്.പി.യുടെയും കൂവപ്പുഴ പാടശേഖരത്തിലെ 30 എച്ച്.പി.യുടെയും പൊതുമ്പുചിറ പാടശേഖരത്തിലെ 30 എച്ച്.പി., കരിംപാടത്തെ 50 എച്ച്.പി. എന്നീ മോട്ടോറുകളിലെ കേബിളുകൾ മോഷ്ടിക്കപ്പെട്ടിരുന്നു. പ്രതികൂലമായ കാലാവസ്ഥയിൽ പ്രതിസന്ധിയിലായ കർഷകർക്ക് കേബിൾമോഷണം ഇരുട്ടടിയായി. ഇതുമൂലം പാടശേഖരങ്ങളിൽനിന്ന് കനാലിലേക്ക് വെള്ളം പമ്പ്ചെയ്ത് മാറ്റാൻ കഴിയാത്ത അവസ്ഥയിലാണെന്ന് കർഷകർ പറഞ്ഞു.
ഒരു മാസം മുൻപ് കൈപ്പുള്ളിത്തറ-കക്കാട് പാടശേഖരത്തിൽ മുൻ എം.എൽ.എ. കെ.യു. അരുണൻ അനുവദിച്ച രണ്ട് എച്ച്.പി.യുടെ രണ്ട് മോട്ടോറുകൾ മോഷണംപോയിരുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണംപോലും ഉണ്ടായിട്ടില്ലെന്ന് കർഷകർ ആരോപിച്ചു. മോട്ടോർഷെഡ്ഡുകളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കാനാണ് പോലീസ് പറയുന്നത്. എന്നാൽ, ക്യാമറകൾ വയ്ക്കാൻ കർഷകർ തയ്യാറാണെങ്കിലും അതിനാവശ്യമായ വൈദ്യുതി നൽകാൻ കെ.എസ്.ഇ.ബി. തയ്യാറാകുന്നില്ല. മഴക്കാലത്ത് പാടശേഖരങ്ങളിലെ ട്രാൻസ്‌ഫോർമറുകൾ ചാർജ് ചെയ്തു നൽകാതെ എങ്ങനെ സി.സി.ടി.വി. ക്യാമറകൾ പ്രവർത്തിക്കാനാകുമെന്നാണ് കർഷകർ ചോദിക്കുന്നത്. ഇക്കാര്യത്തിൽ അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തരനടപടികൾ ഉണ്ടാകണമെന്നും കർഷകർ ആവശ്യപ്പെട്ടു.
0 Comments