മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭയുടെ നാലാമത് മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റു : പിതാവിന്റെ വിശദമായ ജീവിത വഴികളിലൂടെ.....




മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭയുടെ നാലാമത് മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റു 


ഉയര്‍ച്ചതാഴ്ചകളുടെ ജീവിതവഴികള്‍ പിന്നിട്ടാണ് മാര്‍ റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭയുടെ തലപ്പത്തേക്കെത്തുന്നത്. കല്ലും മുള്ളും നിറഞ്ഞ പാതകളിലൂടെ സഞ്ചരിച്ചിട്ടും അചഞ്ചലവിശ്വാസവും ക്രിസ്തുവിന്റെ സഹനവും ജീവിതത്തില്‍ മുറുകെപ്പിടിച്ചു. വെള്ളേപ്പങ്ങാടിയിലെ സാധാരണ ബാല്യം അസാധാരണമാംവിധം ശോഭിക്കുന്നതാണ് പിന്നീട് ചരിത്രം അടയാളപ്പെടുത്തിയത്. താന്‍ ദൈവശാസ്ത്രവിജ്ഞാനത്തിന്റെ ഭണ്ഡാരമാണെന്ന ചിന്ത ഒരിക്കലും അദ്ദേഹത്തെ ഭരിച്ചില്ല. തട്ടില്‍ പിതാവിന്റെ പ്രസംഗവും പെരുമാറ്റവും ഹൃദയങ്ങളെ സ്പര്‍ശിക്കുന്നതാണ്. അതില്‍ പാണ്ഡിത്യപ്രകടനങ്ങള്‍ക്കോ സാഹിത്യസൗന്ദര്യത്തിനോ സ്ഥാനമില്ല. ഹൃദയം ഹൃദയത്തോടു സംവദിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസംഗരീതി.


ഇത് പ്രതീക്ഷിക്കാതെ ലഭിച്ച ദൈവാനുഗ്രഹം

തൃശ്ശൂര്‍: ബുധനാഴ്ച വൈകീട്ട് ടി.വി.യില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് പ്രഖ്യാപനമുണ്ടായെന്നറിഞ്ഞപ്പോള്‍ത്തന്നെ അരിയങ്ങാടിയിലെ ചാണ്ടീസ് ട്രേഡേഴ്സ് എന്ന കട അടച്ച് പൊറിഞ്ചു തട്ടില്‍ വീട്ടിലേയ്ക്കു പാഞ്ഞു. ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു. വീട്ടിലെത്തിയപ്പോള്‍ അവിടെ അനുജന്‍ ജോണും ഭാര്യയും ഫോണില്‍ മറ്റുള്ളവരോട് സന്തോഷം പങ്കുവെക്കുന്ന കാഴ്ചയാണ് കണ്ടത്. സന്തോഷവും അഭിമാനവും ആ കുടുംബത്തെ വരിഞ്ഞുമുറുക്കിയ നിമിഷങ്ങള്‍. അനുജന്റെ ആര്‍ച്ച് ബിഷപ്പ് സ്ഥാനാരോഹണത്തില്‍ പ്രതികരിക്കാന്‍ രണ്ട് ജ്യേഷ്ഠന്മാരാണ് നിറചിരിയോടെ വീട്ടുമുറ്റത്തെത്തിയത്.

എരിഞ്ഞേരി അങ്ങാടിയിലെ തട്ടില്‍ തറവാട്ടുവീട്ടിലെ ഏറ്റവും ഇളയവനായി ജനിച്ച റാഫേല്‍ തട്ടില്‍ എന്നും കുടുംബത്തോടും സഹോദരങ്ങളോടും ചേര്‍ന്നു ജീവിച്ച വ്യക്തിയായിരുന്നു. നഗരമധ്യത്തിലുള്ള കുടുംബവീടും അടുത്തുള്ള ഇടവകപ്പള്ളിയുമായിരുന്നു ബാല്യംമുതലേ അനുജന്റെ ഇഷ്ട ഇടങ്ങളെന്ന് ജ്യേഷ്ഠനായ ജോണ്‍ തട്ടില്‍ ഓര്‍മിക്കുന്നു- ''ഞങ്ങള്‍ മക്കളില്‍ ലാസര്‍, തോമസ്, ശോശന്നം എന്നീ മൂന്നു സഹോദരങ്ങള്‍ ചെറുപ്പത്തില്‍ത്തന്നെ മരിച്ചപ്പോള്‍ പിന്നീട് ജനിച്ചവര്‍ക്ക് ഈ പേരുകള്‍തന്നെ ഇട്ടു. തോമസ്, ബേബി, പൊറിഞ്ചു, ശോശന്നം, ജോയ്, ജോണ്‍ എന്നിവര്‍ക്കുശേഷമാണ് റാഫേല്‍ ജനിക്കുന്നത്'.

''ഒരു സഹോദരന്‍ ബേബി മരിച്ചു. തോമസും സഹോദരി ശോശന്നവും കുരിയച്ചിറയിലാണ് താമസം. പൊറിഞ്ചു, ജോയ്, ജോണ്‍ എന്നിവര്‍ അരിയങ്ങാടിയിലാണ് ഇപ്പോള്‍ താമസം. അരിയങ്ങാടിയിലെ തറവാട്ടുവീട് വിറ്റു, ഇപ്പോള്‍ പഴയ വീടിരുന്ന സ്ഥലത്ത് സ്വര്‍ണക്കടയാണ്. മാതാവ് ത്രേസ്യയാണ് ഞങ്ങളെ വളര്‍ത്തിയത്. സ്‌നേഹിക്കാനും നല്ല പ്രാര്‍ഥനാജീവിതം നയിക്കാനുമാണ് അമ്മ ഞങ്ങളെ പഠിപ്പിച്ചത്''-മറ്റൊരു ജ്യേഷ്ഠനായ പൊറിഞ്ചു പറഞ്ഞു.

1971-ല്‍ പത്താംക്ലാസ് പഠനത്തിനു ശേഷമാണ് സെമിനാരിയില്‍ ചേരാന്‍ അനുജന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. രണ്ടു വര്‍ഷം കഴിഞ്ഞ് മതിയെന്ന് ആദ്യം അമ്മ പറഞ്ഞെങ്കിലും മകന്റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നു. ജോസഫ് കുണ്ടുകുളം പിതാവിനെ മാതൃകയാക്കുകയായിരുന്നു റാഫേല്‍ പിതാവും. പാവങ്ങളുടെ മെത്രാന്‍ എന്നാണ് മാര്‍ റാഫേല്‍ തട്ടില്‍ മെത്രാനായപ്പോള്‍ കുണ്ടുകുളം പിതാവ് അദ്ദേഹത്തെപ്പറ്റി പറഞ്ഞതെന്ന് സഹോദരങ്ങള്‍ ഓര്‍ക്കുന്നു.

''ചെറുപ്പം മുതലേ റാഫേല്‍ ദേവാശ്രയത്തിലും പ്രാര്‍ഥനയിലുമാണ് വളര്‍ന്നുവന്നത്. ചെറുപ്പത്തില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ വിശുദ്ധകുര്‍ബാന മുഴുവന്‍ കാണാതെ ചൊല്ലുമായിരുന്നു. ഇത് ഞങ്ങള്‍ ഒരിക്കലല്ല, പലതവണ ശ്രദ്ധിച്ചിട്ടുണ്ട്.

കഞ്ഞിയും എന്തെങ്കിലും ഉപ്പേരിയുമാണ് ഇഷ്ടവിഭവം. കഴിഞ്ഞ ഞായറാഴ്ചയും റാഫേല്‍ പിതാവ് വീട്ടിലെത്തിയിരുന്നു. അവിചാരിതമായിരുന്നു സന്ദര്‍ശനം. ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ സമ്മതിച്ചു, അങ്ങനെ രണ്ടു സഹോദരങ്ങളുടെ വീട്ടില്‍നിന്നുള്ള കറികളുംകൂട്ടി ഊണുകഴിച്ചു. രാത്രി 11.30 വരെ വീട്ടിലുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി വിളിച്ച് സംസാരിച്ചപ്പോഴും യാതൊരു സൂചനയുമില്ലായിരുന്നു. ബുധനാഴ്ച ടി.വി.യില്‍ കണ്ടപ്പോഴാണ് ഞങ്ങളും അറിയുന്നത്. പറയാനാകാത്ത സന്തോഷമാണുണ്ടായത്. ഒട്ടും പ്രതീക്ഷിക്കാത്തൊരു ദൈവാനുഗ്രഹമാണിത്''-സഹോദരന്‍ ജോണ്‍ തട്ടില്‍ പറഞ്ഞു.


പത്താമനായി ജനിച്ച് ഒന്നാമനായി

വ്യാകുലമാതാവിന്‍ ബസിലിക്ക (പുത്തന്‍പള്ളി) ഇടവകയിലെ തട്ടില്‍ ഔസേപ്പിന്റെയും ത്രേസ്യയുടെയും പത്താമത്തെ മകനായി ജനിച്ച മാര്‍ റാഫേല്‍ തട്ടില്‍ തൃശ്ശൂര്‍ സെയ്ന്റ് തോമസ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം 1971 ജൂലായ് നാലിനാണ് സെമിനാരിയില്‍ ചേരുന്നത്.

തൃശ്ശൂര്‍ തോപ്പ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെയ്ന്റ് തോമസ് അപ്പസ്‌തോലിക് മേജര്‍ സെമിനാരിയിലും വൈദികപരിശീലനം നേടി.

1980 ഡിസംബര്‍ 21-നാണ് തൃശ്ശൂര്‍ വ്യാകുലമാതാവിന്‍ ഫൊറോന പള്ളിയില്‍ മാര്‍ ജോസഫ് കുണ്ടുകുളം പിതാവില്‍നിന്ന് പൗരോഹിത്യം സ്വീകരിക്കുന്നത്.

അരണാട്ടുകര പള്ളിയില്‍ അസ്തേന്തിയായും മൈനര്‍ സെമിനാരിയില്‍ ഫാ. പ്രീഫെക്ട് ആയും സേവനമനുഷ്ഠിച്ചശേഷം റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉപരിപഠനം നടത്തി.


തൃശ്ശൂരിന്റെ ആദ്യ മേജര്‍ ആര്‍ച്ച് ബിഷപ്പ്

തൃശ്ശൂര്‍: തൃശ്ശൂരില്‍നിന്നുള്ള ആദ്യ മേജര്‍ ആര്‍ച്ച് ബിഷപ്പാണ് മാര്‍ റാഫേല്‍ തട്ടില്‍. സംഭാഷണത്തില്‍ മാത്രമല്ല, ആചാരങ്ങളിലും ആഘോഷങ്ങളിലുമെല്ലാം തനി തൃശ്ശൂര്‍ക്കാരനാണദ്ദേഹം. ഇടവകപ്പള്ളിയായ തൃശ്ശൂര്‍ പുത്തന്‍പള്ളിയിലെ പെരുന്നാളിന് അദ്ദേഹം മുടങ്ങാതെയെത്തും.

കൂനംമൂച്ചി, ചേരുംകുഴി, കൂട്ടാല, കൊഴുക്കുള്ളി എന്നിവിടങ്ങളില്‍ വികാരിയായി സേവനമനുഷ്ഠിച്ച അദ്ദേഹം മൈനര്‍ സെമിനാരിയില്‍ വൈസ് റെക്ടര്‍, അതിരൂപത കാര്യാലയത്തില്‍ വൈസ് ചാന്‍സലര്‍, ചാന്‍സലര്‍, രൂപത കോടതിയില്‍ നോട്ടറി, ജഡ്ജ്, അഡ്വക്കെറ്റ്‌സ് ഫോറം ഡയറക്ടര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി, അതിരൂപത അസംബ്ലി സെക്രട്ടറി, വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയുടെയും വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെയും നാമകരണക്കോടതികളില്‍ അംഗം, മതബോധനം, ഡി.ബി.സി.എല്‍.സി., മുളയം ഹോം ഓഫ് ലൗ എന്നിവിടങ്ങളിലെ ഡയറക്ടര്‍, മുളയം മേരിമാത മേജര്‍ സെമിനാരിയുടെ സ്ഥാപക റെക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതിരൂപതയുടെ പ്രോട്ടോസിഞ്ചല്ലൂസ് (ഒന്നാമത്തെ വികാരി ജനറല്‍) ആണ്. അതിരൂപത ആലോചനാസമിതിയംഗം, തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളേജ് മാനേജര്‍, തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ട്രസ്റ്റ് ചെയര്‍മാന്‍, മേരിമാതാ മേജര്‍ സെമിനാരി പ്രൊഫസര്‍, കത്തോലിക്കാസഭ പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.



പൂരത്തിന്റെ ആരാധകന്‍, ദേവസ്വങ്ങളുടെ അടുപ്പക്കാരന്‍

തൃശ്ശൂര്‍: മേജര്‍ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ റാഫേല്‍ തട്ടില്‍ പൂരത്തിന്റെ ആരാധകനെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. ദേവസ്വങ്ങളുമായി വളരെ അടുപ്പം കാത്തുസൂക്ഷിക്കുന്നുണ്ട്. പൂരം പൂര്‍ണമായി ആസ്വദിച്ചിരുന്ന ചെറുപ്പകാലം മാര്‍ റാഫേല്‍ തട്ടിലിനുണ്ടായിരുന്നു. രാവിലെ വന്നാല്‍ പിറ്റേന്ന് രാവിലെ മാത്രം മടങ്ങുന്ന ആ പൂരക്കാലം ദേവസ്വം പ്രതിനിധികളോടും പിതാവ് പങ്കുവെച്ചിരുന്നു.

ദേവസ്വവുമായി അടുത്തു സഹകരിക്കുന്ന ആളായിരുന്നു പിതാവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. പൂരക്കാലത്ത് ദേവസ്വത്തില്‍ സൗഹൃദസന്ദര്‍ശനം നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിതാവിനെ അനുമോദിക്കാന്‍ ദേവസ്വം പ്രതിനിധികള്‍ പോകുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാര്‍ അറിയിച്ചു. പൂരം എന്നത് അദ്ദേഹത്തിന് ഒരു ആവേശമാണെന്നും ഗിരീഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.


മെത്രാന്മാരിലെ ധ്യാനഗുരു


കൊച്ചി : മെത്രാന്മാരിലെ അറിയപ്പെടുന്ന ധ്യാനഗുരു, പ്രഭാഷകന്‍, സൗമ്യ വ്യക്തിത്വം; മാര്‍ റാഫേല്‍ തട്ടിലിന് വിശേഷണങ്ങള്‍ ഏറെയാണ്. മെത്രാന്‍ പദവിയിലിരിക്കുമ്പോഴും ഇന്ത്യക്കകത്തും പുറത്തുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്കിടയിലേക്ക് ധ്യാനചിന്തകളുമായി കടന്നുചെല്ലുന്ന അപൂര്‍വ വ്യക്തിത്വമാണ് മാര്‍ തട്ടിലിന്റേത്. അത് ഇപ്പോഴും തുടരുന്നു. ധ്യാന പ്രഭാഷണങ്ങള്‍ക്ക് കേള്‍വിക്കാരും ഏറെയാണ്.

മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന അപ്രതീക്ഷിത നിയോഗം എത്തിയപ്പോഴും സ്വതഃസിദ്ധമായ ലാളിത്യത്തോടും വിനയത്തോടെയുമാണ് അതിനെ സ്വീകരിച്ചതും.

ചര്‍ച്ചകള്‍ക്ക് വഴി തുറക്കും

എല്ലാവരെയും കേള്‍ക്കാനുള്ള മനസ്സാണ് മറ്റൊരു പ്രത്യേകത. ഇടഞ്ഞുനില്‍ക്കുന്ന അതിരൂപതാ പക്ഷത്തിനും സ്വീകാര്യനാണ് മാര്‍ തട്ടില്‍. സഭയും അതിരൂപതയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങളിലൊന്നും ഇതുവരെ ഒരു പക്ഷത്തോടും ചേരാതെ അഭിപ്രായം പറഞ്ഞ വ്യക്തി കൂടിയാണ്.

വാഗ്മിയും ധ്യാന ചിന്തകനുമായ മാര്‍ റാഫേല്‍ തട്ടിലിന്റെ വരവ് സിറോ മലബാര്‍ സഭയ്ക്കും പുതിയ ഊര്‍ജമേകും. എല്ലാ വിഷയങ്ങളും പഠിക്കുകയും എല്ലാവരെയും കേള്‍ക്കുകയും ചെയ്യുന്ന ശൈലി സഭ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് ഒരു പരിധി വരെ പരിഹാരവുമാകുമെന്നാണ് പ്രതീക്ഷ.

1980 ഡിസംബര്‍ 21-ന് മാര്‍ ജോസഫ് കുണ്ടുകുളം പിതാവില്‍നിന്നു പൗരോഹിത്യം സ്വീകരിച്ച മാര്‍ തട്ടില്‍ പൗരോഹിത്യ സ്വീകരണത്തിനുശേഷം അരണാട്ടുകര സെയ്ന്റ് തോമസ് പള്ളിയില്‍ അസിസ്റ്റന്റ് വികാരി, മൈനര്‍ സെമിനാരിയില്‍ ഫാദര്‍ പ്രീഫെക്ട് അസിസ്റ്റന്റ് പ്രൊക്യുറേറ്റര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

ഞാന്‍ നിങ്ങളുടെപഴയ തട്ടില്‍ അച്ചനുംപഴയ തട്ടില്‍ പിതാവും തന്നെ

കൊച്ചി: 'പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് നിങ്ങളുടെ പഴയ തട്ടില്‍ അച്ചനും പഴയ തട്ടില്‍ പിതാവും തന്നെയായിരിക്കും' - മേജര്‍ ആര്‍ച്ച് ബിഷപ്പായി നിയമിതനായ േശഷം നടന്ന ചടങ്ങില്‍ മാര്‍ റാഫേല്‍ തട്ടിലിന്റെ വാക്കുകളാണിത്. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോകാനാണ് ആഗ്രഹം. മേജര്‍ ആര്‍ച്ച് ബിഷപ്പ് ആകുമെന്ന ചിന്തയോടെയല്ല സിനഡില്‍ എത്തിയത്. എന്നാല്‍, ദൈവനിയോഗം അതാണെങ്കില്‍ ഏറ്റെടുക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല. ഒരു പ്രതിസന്ധിയും അവസാനമല്ല. എല്ലാ പ്രതിസന്ധികളും ചക്രവാളങ്ങളാണ്. ഇത് സൂര്യോദയമാണ്. എല്ലാ പ്രതിസന്ധികളില്‍നിന്നും സൂര്യോദയമുണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. കുര്‍ബാന തര്‍ക്കത്തില്‍ എല്ലാവരെയും കേട്ട ശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു. കുര്‍ബാന തര്‍ക്കത്തില്‍ സമവായമല്ല സാധ്യതകള്‍ മാത്രമാണ് നിലവിലുള്ളത്. ആരെയും കേള്‍ക്കാതെ വിധി പറയുന്നത് ശരിയല്ല. പ്രഖ്യാപനങ്ങളെക്കാള്‍ പ്രതിവിധികളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് തുടരേണ്ടത്.

ഒരു ദേവാലയവും അടഞ്ഞുകിടക്കരുത്. മെത്രാന്‍ ഒരു സ്വകാര്യ സ്വത്തല്ല, എല്ലാവരുടെയും പൊതു സ്വത്താണ്. അതിനാല്‍ എന്റെ ദൗത്യം നിങ്ങള്‍ക്കൊപ്പം ആയിരിക്കുക എന്നതാണ്. നമ്മുടെ കുറവുകളെ നമ്മള്‍തന്നെ പരിഹരിക്കണം. എന്റെ അമ്മ മരിക്കുന്നതിനു മുന്‍പ് എന്നെ ഏല്പിച്ച സമ്മാനമുണ്ട് - ഞാന്‍ ഇന്നും ചൊല്ലുന്ന കൊന്ത. പരിശുദ്ധ അമ്മ വഴിനടത്തും. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

Post a Comment

0 Comments