ടി.എൻ. പ്രതാപന്‍റെ സ്റ്റാഫിനെതിരായ ആരോപണം: കെ. സുരേന്ദ്രന് വക്കീൽ നോട്ടീസ്





തൃശ്ശൂർ: ടി.എൻ. പ്രതാപന്‍ എം.പിയുടെ ഡൽഹിയിലെ പി.ആർ.ഒ എൻ.എസ്. അബ്ദുൽ ഹമീദ് പോപ്പുലർ ഫ്രണ്ട് അംഗമാണെന്ന ആരോപണം ഉന്നയിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ വക്കീൽ നോട്ടീസ്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് ഹൈകോടതി അഭിഭാഷകൻ അഡ്വ. അനൂപ് വി.ആർ. മുഖേനെ അബ്ദുൽ ഹമീദ് നോട്ടീസ് അയച്ചത്. ജാമിഅ മില്ലിയ കേന്ദ്ര സർവകലാശാലയുടെ എൻ.എസ്‌.യു.ഐ പ്രസിഡന്‍റാണ് എൻ.എസ്. അബ്ദുൽ ഹമീദ്.

ജനുവരി ഏഴിന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് തൃശ്ശൂർ എം.പി ടി.എൻ. പ്രതാപന്‍റെ സ്റ്റാഫിനെതിരെ കെ. സുരേന്ദ്രൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ടി.എൻ പ്രതാപൻ പി.എഫ്.ഐയുടെ അടുത്തയാളാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് സുരേന്ദ്രൻ പറഞ്ഞത്.നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതാപന്‍റെ കൂടെയുള്ളത്. അദ്ദേഹത്തിന്‍റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നയാൾ പി.എഫ്.ഐക്കാരനാണ്. ജാമിയ മില്ലിയ ഗൂഢാലോചന കേസിൽ അയാളെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
ഡൽഹി കലാപത്തിൽ അയാൾക്ക് പങ്കുണ്ടെന്ന സംശയമുണ്ട്. അത്തരമൊരാളാണ് പ്രതാപന് വേണ്ടി നരേറ്റീവുകൾ സൃഷ്ടിക്കുന്നത്. ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകനായ പുന്ന നൗഷാദിനെ കൊല ചെയ്ത പി.എഫ്.ഐ പ്രവർത്തകരെ പ്രതാപനാണ് സംരക്ഷിക്കുന്നത്.പ്രതാപനെതിരെ കോൺഗ്രസ് പ്രവർത്തകർ പരസ്യമായി പോപ്പുലർ ഫ്രണ്ട് ബന്ധം ആരോപിച്ചതാണ്. നൗഷാദിന്റെ കൊലപാതകം കഴിഞ്ഞ് ഒരു മാസം കഴിയും മുമ്പ് പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്നും തേജസ് വാരികയുടെ വരിക്കാരനായവനാണ് പ്രതാപനെന്നും കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു.
കെ. സുരേന്ദ്രന് മറുപടിയായുള്ള ടി.എൻ. പ്രതാപന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ഞാൻ നേരത്തേ അവർത്തിച്ചിട്ടുള്ള വിഷയമാണ്, ഒരുതരത്തിലുള്ള വർഗ്ഗീയതയും ഞാൻ അംഗീകരിക്കില്ല. ആർ.എസ്.എസും പി.എഫ്.ഐയും സംശയമില്ലാതെ എതിർക്കപ്പെടേണ്ട ആശയ വിചാരങ്ങളാണ് എന്ന അഭിപ്രായത്തിൽ ഒരു മാറ്റവുമില്ല. കോഴിക്കോട് ലിപി പ്രസിദ്ധീകരിച്ച 'ഭ്രാന്ത് പെരുകുന്ന കാലം' എന്ന എന്റെ പുസ്തകം വായിച്ചാൽ തന്നെ മതിയാവും വർഗ്ഗീയതയോടുള്ള എന്റെ സമീപനം മനസ്സിലാക്കാൻ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്നെ അവഹേളിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് ബി.ജെ.പി ജില്ല സംസ്ഥാന നേതൃത്വം. അതിന്റെ ഭാഗമായി ഡൽഹിയിലെ എന്റെ പി.ആർ.ഒയും ജാമിഅ മില്ലിയ കേന്ദ്ര സർവകലാശാലയുടെ എൻ.എസ്‌.യു.ഐ പ്രസിഡന്റുമായ എൻ.എസ്. അബ്ദുൽ ഹമീദ് പോപ്പുലർ ഫ്രണ്ട് നേതാവാണെന്നും ഡൽഹി കലാപത്തിൽ എൻ.ഐ.എ ചോദ്യം ചെയ്ത ആളാണെന്നുമുള്ള നീചവും വസ്തുതാ വിരുദ്ധവുമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.

രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന ഒരു പാർട്ടിയുടെ കേരളം പോലെ ഒരു സംസ്ഥാനത്തിന്റെ ഒന്നാമനാണ് ഇതുപോലെ ഒരു അടിസ്ഥാന ഫാക്ട് ചെക്ക് പോലും ചെയ്യാതെ വാട്സാപ്പ് ഫോർവേടുകൾ ഇങ്ങനെ വിളിച്ചു പറയുന്നത്. 2017 മുതൽ ഡൽഹിയിലെ എന്റെ പി.ആർ.ഒ ആണ് ഹമീദ്. 2019ൽ എം.പിയായപ്പോൾ എന്റെ ലോകസഭ പി.ആർ.ഒ കൂടിയായി. ഏതെങ്കിലും നിരോധിത സംഘടനയുടെ ഭാഗമാണെങ്കിൽ പാർലമെന്റിലേക്കുള്ള പ്രവേശന പാസ് പോയിട്ട് അതിന്റെ അടുത്ത് പോയി നിൽക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ? അത്രമാത്രം അന്വേഷണങ്ങൾ നടത്തിയാണ് ഓരോ വർഷവും എം.പിമാരുടെ സ്റ്റാഫുകളുടെ പാസ് പാർലമെന്റ് സെക്യൂരിറ്റി വിഭാഗം പുതുക്കി നൽകുന്നത്.

എഴുത്തുകാരനും വാഗ്മിയുമായ ഹമീദിന്റെ പുസ്തകമാണ് 'രാം കെ നാം.' നമ്മുടെ ഭാരതത്തെ എങ്ങനെയാണ് മത വർഗ്ഗീയത കാർന്നുതിന്നുന്നത് എന്ന് കൃത്യമായി വരച്ചിടുന്ന പുസ്തകമാണിത്. ഹിന്ദുമതത്തെ ദുരുപയോഗം ചെയ്യുന്ന സംഘ്പരിവാരത്തെയും ഇസ്‌ലാം മതത്തെ ദുരുപയോഗം ചെയ്യുന്ന സമാന ചിന്താപദ്ധതികളെയും തുറന്നു വിമർശിക്കുന്ന എഴുത്തുകളാണ് ഹമീദിന്റെ തൂലികയിൽ നിന്നും വന്നിട്ടുള്ളത്. മതനിരപേക്ഷ നിലപാടുകളിൽ മത സൗഹാർദ്ദ ഇടപെടലുകളിൽ മാതൃകാപരമായ ജീവിതചര്യ ഉള്ള ഹമീദിനെ എനിക്കും ഇന്നാട്ടിലെ ജനങ്ങൾക്കും നന്നായി അറിയാം.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി സ്ഥാപിതമായ ജാമിഅ മില്ലിയ ഇസ്‌ലാമിയ നിലവിൽ രാജ്യത്തെ ഏറ്റവും മികച്ച മൂന്നാമത്തെ സർവ്വകലാശാലയാണ്. അവിടെ കോൺഗ്രസിൻറെ വിദ്യാർത്ഥി വിഭാഗമായ എൻഎസ്‌യുഐയുടെ അധ്യക്ഷനാണ് നിലവിൽ ഹമീദ്. സിഎഎ സമരത്തിന്റെ ഭാഗമായ പ്രതിഷേധത്തിനെതിരെ ഡൽഹി പോലീസിന്റെ ലാത്തിച്ചാർജിൽ കൈയ്യൊടിഞ്ഞ ഹമീദ് പ്ലാസ്റ്ററിട്ട കൈയ്യുമായി കേരളത്തിൽ അങ്ങോളമിങ്ങോളം ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണത്തെ കുറിച്ച് ആകാലയളവിൽ നിരവധി പ്രസംഗങ്ങൾ നടത്തി.

ഹമീദിന്റെ ഇൻസ്റ്റഗ്രാമിലെ അടക്കം വീഡിയോകളും എഴുത്തുകളും സംഘ്പരിവാരത്തെ അത്രമേൽ പ്രകോപിപ്പിക്കുന്നു എന്നത് നേരാണ്. മണിപ്പൂർ വിഷയത്തിൽ ബി.ജെ.പി നേതാക്കളുടെ കാപട്യം തുറന്നു കാണിച്ച വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടത്. തൃശൂർ പോലെ ഒരു സ്ഥലത്ത് മുസ്‌ലിം- ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടുള്ള ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും യഥാർഥ മുഖം തുറന്നുവെച്ചാൽ അവർക്ക് നിൽക്കക്കളിയില്ലാതാവും എന്ന തിരിച്ചറിവിലാണ് ഇപ്പോൾ എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്നിടത്തേക്ക് കാര്യങ്ങൾ എത്തിയത്.

വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച് ആളുകളെ അവഹേളിക്കുന്ന ഏർപ്പാട് അംഗീകരിക്കില്ല. ഹമീദിനെതിരെയുള്ള ആരോപണങ്ങൾ ശക്തമായ ഭാഷയിൽ ഇന്നലെ ഹമീദ് തന്നെ മാധ്യമങ്ങളുടെ മുന്നിൽ തള്ളിക്കളഞ്ഞത് കണ്ടുകാണും എന്നുകരുതുന്നു. ശക്തമായ നിയമനടപടി തന്നെയാണ് ആദ്യ മാർഗം. അങ്ങനെ മുന്നോട്ടുപോകും.

Post a Comment

0 Comments