പി.എം.- ജൻമൻ പദ്ധതി: ആദിവാസികൾക്കായി മലക്കപ്പാറയിൽ മൾട്ടിപർപ്പസ് സെൻറർ വരുന്നു


കേന്ദ്രപദ്ധതിയിലൂടെ ആദിവാസികൾക്കായി മലക്കപ്പാറയിൽ 65 ലക്ഷം ചെ ചെലവിൽ മൾട്ടിപർപ്പസ് സെൻറർ വരുന്നു. പ്രധാനമന്ത്രിയുടെ പർട്ടിക്കുലർലി വൾനറബ്ൾ ട്രൈബൽ ഗ്രൂപ്പ് (പി.വി.ടി.ജി.) ഡെവലപ്മെൻറ് മിഷനും സംസ്ഥാന സർക്കാരും ചേർന്ന് നടപ്പാക്കുന്ന പി.എൻ.- ജൻമൻ പദ്ധതിയിലൂടെയാണ് മൾട്ടിപർപ്പസ് സെൻറർ യാഥാർഥ്യമാകുന്നത്. സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ അടിസ്ഥാന വികസനത്തിലൂന്നിയാണ് പദ്ധതികൾ നടപ്പാക്കുന്നത്. സംസ്ഥാനത്തെ വനാന്തരത്തിൽ താമസിക്കുന്ന കൊറഗ, ചോലനായ്ക്കൻ, കുറുമ്പർ, കാടർ, കാട്ടുനായ്ക്കൻ എന്നീ അഞ്ച് ആദിവാസി വിഭാഗങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
ജില്ലയിൽ കാടർ വിഭാഗം മാത്രമാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. അതിരപ്പിള്ളി പഞ്ചായത്തിലെ പെരുമ്പാറ, ഷോളയാർ, ആനക്കയം, മുക്കമ്പുഴ, വാച്ചുമരം, പൊകലപ്പാറ, പെരിങ്ങൽക്കുത്ത്, മറ്റത്തൂർ പഞ്ചായത്തിലെ ശാസ്താംപൂവ്വം കോളനികളിലായി 389 കുടുംബങ്ങൾക്ക് പദ്ധതിയുടെ ഗുണഫലങ്ങൾ ലഭിക്കും. മെ മൊത്തം 1232 പേർ പദ്ധതിയിൽ ഉൾപ്പെടുമെന്നാണ് പട്ടികവർഗ വികസന വകുപ്പിന്റെ കണക്ക്.
സുരക്ഷിതമായ താമസം, ശുദ്ധജലം, വിദ്യാഭ്യാസം, ആരോഗ്യം, പോഷണം, റോഡ്, വിവര സാങ്കേതികവിദ്യ, കണക്ടിവിറ്റി, സുസ്ഥിര ജീവിത രീതികൾ എന്നിവ ഉൾപ്പെടന്ന സമഗ്രവികസനമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
മലക്കപ്പാറയിലെ മൾട്ടി പർപ്പസ് സെൻറർ സ്ഥാപിക്കുന്നതിന് പട്ടികവർഗ വകുപ്പിൻറെ നിർദേശപ്രകാരം നിർമിതി കേന്ദ്ര തയ്യാറാക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. പി.എം. ജൻമൻ പദ്ധതി പ്രകാരം 60 ലക്ഷവും കോർപ്പസ് ഫണ്ടിൽനിന്ന് 599000 രൂപയും ചെലവഴിക്കുന്നതിന് അനുമതി ലഭിക്കേണ്ടതുണ്ട്.
ഒമ്പത് വകുപ്പുകളെ സംയോജിപ്പിച്ച് നടപ്പാക്കുന്ന പദ്ധതിക്കായി ഒമ്പത് ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് സർവെ പൂർത്തിയായിട്ടുണ്ട്.  കളക്ടറുടെ നേതൃത്വത്തിലുളള കമ്മിറ്റിയാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. പട്ടിക വർഗ വികസന ഓഫീസറാണ് ജില്ലാ നോഡൽ ഓഫീസർ.

Post a Comment

0 Comments