മോദി വരുന്നതിന് മുമ്പ് നിർണ്ണായക നീക്കവുമായി പ്രവർത്തകർ.തൃശൂരിൽ നടക്കാൻ പോകുന്നത് തിരഞ്ഞെടുപ്പിന് മുൻപുള്ള ശക്തിപ്രകടനം?


തൃശൂർ: ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഇത്തവണ കേരളത്തില്‍ വിജയം ലക്ഷ്യമിടുന്ന രണ്ട് സീറ്റുകളാണ് തിരുവനന്തപുരവും തൃശൂരും. തിരുവനന്തപുരത്ത് ആര് സ്ഥാനാർത്ഥിയാകും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെങ്കിലും തൃശ്ശൂരില്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. ഇത് വ്യക്തമാക്കിക്കൊണ്ട് തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടിയുള്ള ചുവരെഴുത്തും തുടങ്ങിക്കഴിഞ്ഞു.


ലോക്സഭ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരുന്നതിനും മാസങ്ങള്‍ക്ക് മുമ്പ് തന്നെയാണ് ഇത്തരത്തിലുള്ള ചുമരെഴുത്തുകള്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ബി ജെ പി പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പേ പ്രചാരണം തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തൃശ്ശൂരില്‍ എത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ചുമരെഴുത്ത് വരുന്നത്.


നരേന്ദ്രമോദിയുടെ വരവ് ഒരു തരത്തില്‍ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔപചാരികമായ തുടക്കം കുറിക്കല്‍ കൂടിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ തൃശ്ശൂരില്‍ സുരേഷ് ഗോപി സജീവമാണ്. യു ഡി എഫില്‍ നിന്നും ഇത്തവണ ടി എന്‍ പ്രതാപന്‍ വീണ്ടും മത്സരത്തിന് ഇറങ്ങുമ്പോള്‍ മുന്‍ മന്ത്രിയും ജനകീയ മുഖവുമായ വി എസ് സുനില്‍ കുമാറായിരിക്കും എല്‍ ഡി എഫ് സ്ഥാനാർത്ഥി എന്നാണ് പ്രാഥമിക സൂചനകൾ.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ബി ജെ പിക്ക് വേണ്ടി സുരേഷ് ഗോപിയായിരുന്നു തൃശൂരില്‍ മത്സരിച്ചത്. മണ്ഡലത്തില്‍ ബി ജെ പിയുടെ വോട്ട് നില 2014 ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വർധിപ്പിച്ച് ശ്രദ്ധേയമായ പോരാട്ടം കാഴ്ചവെക്കാനും അദ്ദേഹത്തിന് സാധിച്ചു. 17.5 ശതമാനം വർധനവോടെ 293822 വോട്ടായിരുന്നു മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് ലഭിച്ചത്. 415089 വോട്ടുകള്‍ നേടിയ ടിഎന്‍ പ്രതാപന്‍ വിജയിച്ചപ്പോള്‍ 321456 വോട്ടുമായി എല്‍ ഡി എഫിന് വേണ്ടി മത്സരിച്ച സി പി ഐയിലെ രാജാജി മാത്യൂ തോമസ് രണ്ടാമത് എത്തി.


ലോക്സഭ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിലും തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് സീറ്റ് ഉറപ്പിച്ച് നല്‍കി. തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന ചില സർവ്വേകളില്‍ തൃശ്ശൂരില്‍ ബി ജെ പി വിജയിക്കുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്നു. ശക്തമായ മത്സരം മണ്ഡലത്തില്‍ നടന്നെങ്കിലും കുറഞ്ഞ വോട്ടുകള്‍ക്ക് സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് ഉണ്ടായത്. 40457 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്. സി പി ഐയിലെ ബാലചന്ദ്രന്‍ 44263 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍, 43317 വോട്ടുകളുമായി പത്മജ വേണുഗോപാല്‍ രണ്ടാമതും എത്തി.

Post a Comment

0 Comments