പാലിയേക്കര ടോൾ പിരിവിന് 12 വർഷം;പിരിച്ചെടുത്തത് 1316 കോടി, ടോൾ കമ്പനിക്ക് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് കോൺഗ്രസ്


പാലിയേക്കര ടോൾ കരാർ കമ്പനിയെ കരാറിൽ നിന്നും പുറത്താക്കാനുള്ള എൻ.എച്ച്.എ.ഐ നടപടിക്കെതിരെ ആർബിട്രേഷൻ ട്രിബൂണലിൽ നിലവിലുള്ള കേസിൽ സംസ്ഥാന സർക്കാരിനെ ട്രിബൂണൽ സ്വമേധയാ കക്ഷി ചേർത്തതിനെതിരെ ഹൈക്കോടതിയെ സമീപിച്ച സംസ്ഥാന സർക്കാരിന്റെ നടപടി വിചിത്രവും ദുരൂഹവുമാണെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവും ഡി.സി.സി വൈസ് പ്രസിഡന്റുമായ അഡ്വ ജോസഫ് ടാജറ്റ്. നിരന്തരമായ ക്രമക്കേടും ലംഘനവും നടത്തിയതിനെതിരെ വർഷങ്ങളായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് എൻ.എച്ച്.എ.ഐ നടപടി സ്വീകരിച്ചത്,  ഈ കേസിൽ സംസ്ഥാന സർക്കാർ കക്ഷി ചേർന്ന് കമ്പനിയെ പുറത്താക്കാനുള്ള നീക്കങ്ങൾ നടത്തണമെന്ന് കോൺഗ്രസ്സ് ആവശ്യപ്പെട്ടിരുന്ന സാഹചര്യത്തിൽ കക്ഷി ചേർക്കപ്പെട്ടതിനെതിരെ എന്തുകൊണ്ടാണ് സർക്കാർ  ഹൈക്കോടതിയെ സമീപിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ്‌ റിയാസ് വ്യക്തമാക്കണമെന്ന് അഡ്വ ജോസഫ് ടാജറ്റ് പറഞ്ഞു. കരാറിൽ ഉള്ള കക്ഷികൾക്ക് മാത്രമാണ് ട്രിബൂണലിൽ കക്ഷിയാകാൻ സാധിക്കു എന്നിരിക്കെ കേസിൽ കക്ഷി ചേർന്ന് കമ്പനിയെ പുറത്താക്കാനുള്ള അവസരം ഉപയോഗിക്കാതെ കമ്പനിയെ സഹായിക്കുന്ന നിലപാടണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിനെതിരെ ജന പ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും പ്രതികരിക്കണം. കരാർ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാതെയും സേഫ്റ്റി ഓഡിറ്റ് റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പാലിക്കാതെയും പിരിച്ചെടുത്തത് 1316.86 കോടി രൂപയാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.  2023 ഡിസംബർ 31 വരെയുള്ള കണക്കാണിത്. പാലിയേക്കരയിൽ ടോൾ പ്രാബല്യത്തിൽ വന്നിട്ട് ഫെബ്രുവരി ഒൻപതിന് പന്ത്രണ്ട് വർഷം പൂർത്തീകരിക്കും. അത് വരെ കണക്കാക്കിയാൽ 20കോടിയുടെ സ്വാഭാവിക വർദ്ധനവ് ഉണ്ടാകും. പ്രതി ദിനം ശരാശരി 39500 വാഹനങ്ങൾ ടോൾ നൽകി കടന്നുപോകുന്നുവെന്നും 5022000 രൂപ വരുമാനമുണ്ടെന്നും രേഖ വ്യക്തമാക്കുന്നു. ഇത്ര വലിയ കൊള്ള നടത്തുന്ന കരാർ കമ്പനിയെ ടോളിൽ നിന്ന് പുറത്താക്കുന്നവരെ കോൺഗ്രസ്‌ ശക്തമായ നിയമ സമര പോരാട്ടം തുടരുമെന്ന് അഡ്വ ജോസഫ് ടാജറ്റ് പറഞ്ഞു.

Post a Comment

0 Comments