കൊടകര ബ്ലോക്ക് പഞ്ചായത്തിന് വീണ്ടും സ്വരാജ് ട്രോഫി പുരസ്കാരം


സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം  കൊടകര ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചതായി അധികൃതർ ബ്ലോക്ക് ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തുടര്‍ച്ചയായി രണ്ടാം തവണയാണ് കൊടകര ബ്ലോക്ക് പഞ്ചായത്തിന് പുരസ്‌കാരം ലഭിക്കുന്നത്. സ്വരാജ് ട്രോഫി പുരസ്കാരം ആദ്യം പ്രഖ്യാപിച്ചപ്പോൾ മൂന്ന് ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒന്നാം സ്ഥാനം പങ്കിട്ട് നൽകുകയായിരുന്നു. രണ്ടും മൂന്നും സ്ഥാനം പ്രഖ്യാപിക്കാതെ വന്നതോടെ പോയിൻ്റ് പട്ടികയിൽ ഉയർന്ന നിലവാരമുണ്ടായിരുന്ന കൊടകര ബ്ലോക്ക് തദ്ദേശസ്വയംഭരണ വകുപ്പിന് അപേക്ഷ നൽകുകയായിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിലാണ് രണ്ടാം സ്ഥാനം കൊടകര ബ്ലോക്ക് പഞ്ചായത്തിനാണെന്ന പുതിയ പ്രഖ്യാപനം നടത്തിയത്.
കൊട്ടാരക്കരയില്‍ വെച്ച് നടന്ന തദ്ദേശദിനാഘോഷ പരിപാടിയില്‍ വെച്ച് കൊടകര ബ്ലോക്ക് പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മന്ത്രി എം.ബി. രാജേഷില്‍ നിന്ന് സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ഏറ്റുവാങ്ങി. വനിതാ സ്വയം തൊഴില്‍ ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക്  ധനസഹായം,ഗുണമേന്മയുള്ള ശുചിത്വ സംവിധാനങ്ങള്‍,കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവര്‍ക്കായി ആവിഷ്‌കരിച്ച വിവിധ ക്ഷേമ പദ്ധതികള്‍,ജെന്‍ഡര്‍ ബഡ്ജറ്റ് അവതരണം, സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി നടത്തിയ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് പുരസ്കാരത്തിന് അർഹമാക്കിയത്.കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ അല്‍ജോ പുളിക്കന്‍, സജിത രാജീവന്‍, ബിഡിഒ കെ.കെ. നിഖില്‍ എന്നിവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments