സി.പി.ഐ ചേർപ്പ് ലോക്കൽ കമ്മിറ്റിയിൽ സെക്രട്ടറി അടക്കം നേതാക്കളുടെ കൂട്ടരാജി. 14 അംഗ ലോക്കൽ കമ്മിറ്റിയിലെ എട്ട് പേരാണ് പാർട്ടി നേതൃത്വത്തിന് രാജി നൽകിയത്. ചേർപ്പ് ലോക്കൽ സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗവുമായ എൻ.ജി അനിൽനാഥ് അടക്കമുള്ള സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗങ്ങളാണ് രാജികത്ത് ജില്ല സെക്രട്ടറിക്ക് കൈമാറിയത്. സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് മേഖല പ്രസിഡന്റുമായ ഷംനാസ് ഹുസൈൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് തെക്കൂട്ട്, മുൻ ഗ്രാമപഞ്ചായത്ത് അംഗം ദിനേഷ് തെക്കത്ത്, ഇപ്റ്റ മണ്ഡലം വൈസ് പ്രസിഡന്റും യുവകലാസാഹിതി മണ്ഡലം എക്സി.അംഗവുമായ ബാബു ചെങ്ങാലൂർ, പടിഞ്ഞാട്ടുമുറി ബ്രാഞ്ച് സെക്രട്ടറി കെ.എ റഫീഖ്, എ.ഐ.എസ്.എഫ് മേഖല പ്രസിഡൻ്റ് കെ.എസ് നിഷാദ് എന്നിവരാണ് രാജിവെച്ചത്. രണ്ട് വർഷത്തോളമായി മണ്ഡലം സെക്രട്ടറി പി.വി. അശോകന്റെയും ജില്ല അസി. സെക്രട്ടറി ടി.ആർ. രമേശ് കുമാറിന്റെയും നേതൃത്വത്തിൽ പാർട്ടി സംഘടന വിരുദ്ധ പ്രവർത്തനങ്ങളും വിഭാഗീയത പ്രവർത്തനങ്ങളും പാർട്ടി പ്രവർത്തകരിൽ അടിച്ചേൽപ്പിച്ച് ഏകാധിപത്യ പ്രവണതയോടെയാണ് മുന്നോട്ട് പോകുന്നതെന്ന് സി.പി.ഐ പ്രവർത്തകർ പറഞ്ഞു. സി.സി. മുകുന്ദൻ എം.എൽ.എയുടെ പി.എയും സി.പി.ഐ ചേർപ്പ് ലോക്കൽ കമ്മിറ്റി അംഗവുമായ അസ്ഹർ മജീദിനെ മണ്ഡലം സി.പി.ഐയിൽ നിന്ന് പുറത്താക്കിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ രാജിവെക്കുമെന്ന് അനിൽ നാഥ് പറഞ്ഞു.
0 Comments