കാഞ്ഞാണിയിൽ ജപ്തി നടപടിയിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു


കാഞ്ഞാണിയിൽ സ്വകാര്യ ബാങ്കിന്‍റെ ജപ്തി നടപടിയിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞാണി സ്വദേശി ചെമ്പൻ വീട്ടിൽ വിനയന്‍റെ മകൻ വിഷ്ണു (26) ആത്മഹത്യ ചെയ്തത്. സ്വകാര്യ ബാങ്കിൽ നിന്ന് കുടുംബം വായ്പയെടുത്തിരുന്നു. 12 കൊല്ലം മുമ്പ് വീട് വെയ്ക്കാനായി എട്ടു ലക്ഷം രൂപയാണ് വായ്പയായി എടുത്തത്. തുടര്‍ന്ന് എട്ടു ലക്ഷത്തി എഴുപത്തിനാലായിരം തിരിച്ചടച്ചിരുന്നു. ഇതിനിടയിൽ ഇടയ്ക്ക് തിരിച്ചടവ് മുടങ്ങിയതോടെ കുടിശ്ശികയായി. ആറു ലക്ഷം രൂപ കുടിശിക വന്നതോടെ വീട് ഒഴിയാന്‍ ബാങ്ക് ആവശ്യപ്പെട്ടിരുന്നുവെന്ന് വിഷ്ണുവിന്‍റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇന്ന് രാവിലെ ബന്ധുവീട്ടിലേക്ക് മാറാന്‍ നില്‍ക്കുകയായിരുന്നു. അതിനിടെയാണ് വിഷ്ണു കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. പണമടയ്ക്കാൻ ബാങ്കില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു. എടുത്തതിനെക്കാൾ കൂടുതൽ തിരിച്ച് അടച്ചിരുന്നുവെന്നും കോവിഡ് പ്രതിസന്ധിയിലാണ് അടവ് മുടങ്ങിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് ഒഴിയണമെന്നാണ് ബാങ്ക് നിര്‍ദേശം നല്‍കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. വിഷ്ണുവിന്‍റേത് നിര്‍ധന കുടുംബമാണെന്നും ബാങ്ക് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ബാങ്കിനോട് സാവകാശം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ഇന്ന് രാവിലെ വീട് പൂട്ടി താക്കോല്‍ നല്‍കാൻ ഭീഷണിപ്പെടുത്തിയെന്നും മണലൂർ ആറാം വാർഡ് മെമ്പർ ടോണി അത്താണിക്കൽ ആരോപിച്ചു.

Post a Comment

0 Comments