തൃശൂർ പൂരം പ്രദർശന നഗരിക്ക് കാൽനാട്ടി


ആരവങ്ങളോടെ തൃശൂർ പൂരം പ്രദർശന നഗരിക്ക് കാൽനാട്ടി. തറവാടക വിവാദത്തിൽ പൂരം ചടങ്ങ് മാത്രമാക്കുമെന്ന ഭീതി വരെയെത്തിയ പ്രതിസന്ധിയിൽ മുഖ്യമന്ത്രിയുടെ ഇടപെടലോടെ ആശങ്കയൊഴിഞ്ഞ ആഹ്ളാദനിറവിൽ ‘തൃശൂർ ഒന്നടങ്ക’മെത്തിയാണ് സ്വന്തം പൂര പ്രദർശനനഗരിക്ക് കാൽനാട്ടിയത്. രാവിലെ പാറമേക്കാവ് ക്ഷേത്രം മേൽക്കാവ് മേൽശാന്തി കാരേക്കാട് രാമൻ നമ്പൂതിരിപ്പാട് ഭൂമി പൂജ നടത്തിയ ശേഷം പങ്കെടുത്തവർ ഭദ്രദീപം കൊളുത്തി അനുമതി നൽകിയ ശേഷമായിരുന്നു കാൽനാട്ട്. ടി.എൻ.പ്രതാപൻ എം.പി, മേയർ എം.കെ വർഗീസ്, ഡെപ്യൂട്ടി മേയർ എം.എൽ.റോസി, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ, മെമ്പർ പ്രേംരാജ് ചൂണ്ടലാത്ത്, ദേവസ്വം ബോർഡ് കമീഷണർ അനിൽ, മുൻ മന്ത്രി വി.എസ് സുനിൽകുമാർ, മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ, മുൻ മേയർമാരായ ഐ.പി പോൾ, അജിത ജയരാജൻ കൗൺസിലർമാരായ പൂർണിമ സുരേഷ്, എൻ.പ്രസാദ്, റെജി ജോയ്, തൃശൂർ അസി.കമീഷണർ കെ.സുദർശൻ, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ.റെന്നി മുണ്ടൻകുര്യൻ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, പ്രസിഡന്റ് ഡോ.എം.ബാലഗോപാൽ, തിരുവമ്പാടി ദേവസ്വം പ്രസിഡൻറ് ഡോ.ടി.എ സുന്ദർമേനോൻ, ജോ.സെക്രട്ടറി പി.ശശിധരൻ, വൈസ് പ്രസിഡൻറ് പ്രശാന്ത് മേനോൻ, പൂരം പ്രദർശന കമ്മിറ്റി ഭാരവാഹികളായ പ്രസിഡൻറ് എ. രാമകൃഷ്ണൻ വൈസ് പ്രസിഡൻറുമാരായ കെ. ഉണ്ണികൃഷ്ണൻ, ഐ ചന്ദ്രശേഖരൻ, സെക്രട്ടറി പി.എ വിപിനൻ, ജോ.സെക്രട്ടറി എം. രമേഷ്, ട്രഷറർ എം. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രി ഇടപെട്ട് തറവാടക തർക്കത്തിന് പരിഹാരമായതോടെ പ്രതിസന്ധികളില്ലാത്ത പൂരമാകും ഇത്തവണയെന്ന ആഹ്ളാദത്തിലാണ് പൂരപ്രേമികൾ. ഈ വർഷം പൂരം നേരത്തെയായതിനാൽ പ്രദർശനവും നേരത്തെയാണ്. മാർച്ച് 24 മുതൽ മെയ് 22 വരെയാണ് ഈ വർഷത്തെ പൂരം പ്രദർശനം. സാധാരണയായി ഏപ്രിൽ ഒന്നിനാണ് പ്രദർശനം തുടങ്ങാറുള്ളത്. ഏപ്രിൽ 19നാണ് ഈ വർഷത്തെ പൂരം. ലോകസഭാ തിരഞ്ഞെടുപ്പ് കൂടി ഈ സമയത്തായതിനാൽ തിരഞ്ഞെടുപ്പ് ആവേശവും പൂരാവേശത്തിനൊപ്പമുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയടക്കം 150 ഓളം സ്റ്റാളുകളും ഏഴുപതോളം പവലിയനുകളുമാണ് ഈ വർഷത്തെ പൂരം പ്രദർശനത്തിലുള്ളത്. തറവാടക 2.20 കോടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ദേവസ്വങ്ങളും കൊച്ചിൻ ദേവസ്വം ബോർഡും തമ്മിൽ തർക്കത്തിലായത്. പൂരം നടക്കുന്നത് പ്രദർശന നഗരിയിലെ വരുമാനം കൊണ്ടാണെന്നിരിക്കെ ബോർഡിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നായിരുന്നു പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെ നിലപാട്. ഇരു വിഭാഗവും നിലപാടിൽ നിന്നതോടെ പൂരം ചടങ്ങാക്കുമെന്ന പ്രമേയം ദേവസ്വങ്ങൾ പാസാക്കി. ഇതോടെ വിഷയം മുഖ്യമന്ത്രി ഇടപെട്ട് മുൻ വർഷത്തെ തറവാടകയായ 42ലക്ഷത്തിന് ധാരണയാവുകയായിരുന്നു.

Post a Comment

0 Comments