സംയുക്ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും രാജ്യവ്യാപകമായി 'ഗ്രാമീൺ ഭാരത് ബന്ദി'ന് ആഹ്വാനംചെയ്തിരിക്കുകയാണ്. സംയുക്ത കിസാൻ മോർച്ചയും സെൻട്രൽ ട്രേഡ് യൂണിയനുകളുമാണ് ബന്ദിന് ആഹ്വാനംചെയ്തിരിക്കുന്നത്. രാവിലെ ആറുമുതൽ വൈകീട്ട് നാലുവരെയാണ് ബന്ദ്.രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്. ആംബുലൻസുകൾ, പത്രവിതരണം, വിവാഹം, മെഡിക്കൽ ഷോപ്പുകൾ, പരീക്ഷകൾ എന്നിവയെ ബന്ദിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കേരളത്തിൽ പ്രകടനം മാത്രമായി ഒതുങ്ങും. ഡൽഹിയിൽ തുടരുന്ന കർഷക സമരത്തിന്റെ ഭാഗമായാണ് ബന്ദ്.കഴിഞ്ഞ ഡിസംബറിലാണ് ബന്ദിന് ആഹ്വനംചെയ്തത്. കാർഷിക, തൊഴിലുറപ്പ് ജോലികൾ സ്തംഭിപ്പിക്കുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. അടിയന്തര ആവശ്യത്തിനുള്ള സർവീസുകളെ മാത്രമാണ് ഒഴിവാക്കിയത്. എന്നാൽ, കേരളത്തിൽ ജനജീവിതത്തിനു തടസ്സമുണ്ടാകില്ല. രാവിലെ 10നു രാജ്ഭവനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്നു സംസ്ഥാനത്തെ സമരസമിതി കോഓർഡിനേഷൻ ചെയർമാനും കേരള കർഷക സംഘം സെക്രട്ടറിയുമായ എം. വിജയകുമാർ അറിയിച്ചു.താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ ഡൽഹി ചലോ മാർച്ച് സംഘടിപ്പിച്ചത്. കർഷക പെൻഷൻ, ഒ.പി.എസ്, കാർഷിക നിയമഭേദഗതി എന്നിവ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും കർഷക സംഘടനകൾ ഉന്നയിക്കുന്നുണ്ട്.
0 Comments