ലോകസഭ തിരഞ്ഞെടുപ്പ്;സി.പി.എം സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയായി


ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയായി. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്. സാധ്യതാ പട്ടികയിലുണ്ടായിരുന്ന ചിലരെ നിലനിര്‍ത്തിയും മറ്റു ചിലരെ ഒഴിവാക്കിയുമാണ് അന്തിമ പട്ടിക. സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടികയായെങ്കിലും സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനത്തിന് ശേഷം പി.ബി അനുമതിയോടെ ഈ മാസം 26നായിരിക്കും ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. ഒരു പൊളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ഒരു മന്ത്രിയടക്കം നാല് എം.എൽ.എമാർ, മൂന്ന് സി.പി.എം ജില്ലാ സെക്രട്ടറിമാർ എന്നിങ്ങനെ കരുത്തരായ നേതാക്കളെയാണ് ഇത്തവണ സി.പി.എം ലോക്സഭ തെരഞ്ഞെടുപ്പിന് രംഗത്തിറക്കിയിരിക്കുന്നത്.സാധ്യതാ പട്ടികയിലുണ്ടായിരുന്നതു പോലെ ആലത്തൂരിൽ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ. രാധാകൃഷ്ണൻ തന്നെയായിരിക്കും മത്സരിക്കുക. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ ശൈലജ എം.എല്‍.എ വടകരയിലും ടി.എം തോമസ് ഐസക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോടും മത്സരിക്കും. പൊന്നാനിയിൽ മുന്‍ മുസ്ലീം ലീഗ് നേതാവ് കെ.എസ് ഹംസ സി.പി.എം സ്ഥാനാര്‍ത്ഥിയാകും. പൊന്നാനിയിൽ പൊതുസ്വതന്ത്രനായിട്ടാണ് ഹംസയെ മത്സരിപ്പിക്കുന്നത്.  മലപ്പുറത്ത് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് വി.വസീഫ് സ്ഥാനാര്‍ത്ഥിയാകും. ചാലക്കുടിയിൽ മുന്‍ മന്ത്രി സി രവീന്ദ്രനാഥും എറണാകുളത്ത് കെ.എസ്.ടി.എ നേതാവ് കെ.ജെ ഷൈനും  മത്സരിക്കും.  പാലക്കാട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവനും കണ്ണൂരില്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനും കാസര്‍കോട് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്മണനും  ആറ്റിങ്ങലില്‍ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എം.എല്‍.എയും കൊല്ലത്ത് എം മുകേഷ് എംഎല്‍എയുമായിരിക്കും മത്സരിക്കുക.

സിപിഎം സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക..

ആറ്റിങ്ങൽ- വി ജോയ്
 കൊല്ലം - എം മുകേഷ്   പത്തനംതിട്ട -തോമസ് ഐസക് 
ആലപ്പുഴ -എ.എം ആരിഫ്   എറണാകുളം- കെ.ജെ ഷൈൻ 
ചാലക്കുടി -സി രവീന്ദ്രനാഥ്   ആലത്തൂര്‍- കെ രാധാകൃഷ്ണൻ
മലപ്പുറം -വി വസീഫ് 
പൊന്നാനി -കെ.എസ് ഹംസ
കോഴിക്കോട് -എളമരം കരീം   വടകര -കെ.കെ ശൈലജ   പാലക്കാട് -എ വിജയരാഘവൻ 
കണ്ണൂർ -എം.വി ജയരാജൻ   കാസർകോട് -എം.വി ബാലകൃഷ്ണൻ
ഇടുക്കി-  ജോയ്സ് ജോര്‍ജ്.


Post a Comment

0 Comments