ഈ വർഷത്തെ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി/എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും. സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ ഒമ്പതും, ഗൾഫ് മേഖലയിലെ ഏഴും കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാർഥികൾ റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതും.ഇതിൽ 2,17,525 പേർ ആൺകുട്ടികളും 2,09,580 പേർ പെൺകുട്ടികളുമാണ്. സർക്കാർ സ്കൂളുകളിൽ 1,43,557ഉം എയ്ഡഡിൽ 2,55,360ഉം അൺ എയ്ഡഡിൽ 28,188 പേരും പരീക്ഷയെഴുതും. ഗൾഫിൽ 536 കുട്ടികളും, ലക്ഷദ്വീപിൽ 285 പേരും പരീക്ഷ എഴുതുന്നുണ്ട്. മാർച്ച് 25നാണ് പരീക്ഷ അവസാനിക്കുക. ഏപ്രിൽ മൂന്ന് മുതൽ 20 വരെ രണ്ട് ഘട്ടമായി 70 കേന്ദ്രീകൃത ക്യാമ്പുകളിൽ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തും. ആദ്യഘട്ടം ഏപ്രിൽ മൂന്ന് മുതൽ 12 വരെയും രണ്ടാംഘട്ടം ഏപ്രിൽ 15 മുതൽ ഏപ്രിൽ 20 വരെയുമായിരിക്കും. 48 കേന്ദ്രങ്ങളിലായി 2,944 പേരാണ് ടി.എച്ച്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. ചെറുതുരുത്തി കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ 60 വിദ്യാർഥികളാണ് എ.എച്ച്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷ കേന്ദ്രങ്ങളിലായി 224 പേരും, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേർഡ്) വിഭാഗത്തിൽ രണ്ട് പരീക്ഷ കേന്ദ്രളിലായി എട്ട് പേരും പരീക്ഷ എഴുതും.
0 Comments