ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്ക് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതിനും യുട്യൂബ് ചാനൽ തുടങ്ങുന്നതിനും വിലക്ക് ഏർപ്പെടുത്തി ഇറക്കിയ ഉത്തരവ് പിൻവലിച്ചു. ഉത്തരവിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണു നടപടി. ഉത്തരവിൽ അവ്യക്തത ഉള്ളതിനാലാണു പിൻവലിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമാകാതെയും ഔദ്യോഗിക കൃത്യനിർവഹണത്തിനു തടസം സൃഷ്ടിക്കാതെയും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകൾ ഇടുന്നതിനു സർക്കാർ ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയാൽ ചട്ടലംഘനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സമൂഹമാധ്യമങ്ങളിലെ ചാനലുകൾ നിശ്ചിത എണ്ണത്തില്‍ കൂടുതൽ ആളുകൾ സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെ പരസ്യവരുമാനം ലഭിക്കുന്നതിനിടയാകും. അതു സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമാണ്. സർക്കാർ അനുമതി വാങ്ങിയശേഷം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടാലും ഉദ്യോഗസ്ഥർ പ്രതിഫലം വാങ്ങിയതായി കണ്ടുപിടിക്കുന്നതിന് തടസ്സങ്ങളുണ്ട്. ഇതിനാൽ പോസ്റ്റുകൾ ഇടുന്നതിനും ചാനൽ തുടങ്ങുന്നതിനും ഉദ്യോഗസ്ഥർക്കു വിലക്ക് ഏർപ്പെടുത്തുന്നു. എന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ആദ്യ ഉത്തരവിൽ പറഞ്ഞിരുന്നത്. വിവാദമായതിനെ തുടർന്ന് ഉത്തരവ് പിൻവലിക്കുകയായിരുന്നു.
ഈ മാസം 13ന് ഇറക്കിയ ഈ ഉത്തരവ് ഭരണപരമായ കാരണങ്ങളാൽ റദ്ദാക്കുന്നതായി ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന ഇന്ന് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി. പോസ്റ്റിടുന്നതിന് വിലക്കേർപ്പെടുത്തിയ ഉത്തരവിനെതിരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ രംഗത്തെത്തിയിരുന്നു.
0 Comments