ഇരിങ്ങാലക്കുടയിൽ പെട്രോൾ പമ്പിലെത്തി പെട്രോൾ ദേഹത്തൊഴിച്ച് യുവാവിൻ്റെ ആത്മഹത്യശ്രമം. ഇരിങ്ങാലക്കുട-ചാലക്കുടി സംസ്ഥാനപാതയിൽ മെറിന ആശുപത്രിക്കു സമീപത്തെ പെട്രോൾ പമ്പിൽ ശനിയാഴ്ച്‌ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് ആത്മഹത്യക്കുശ്രമിച്ചത്.സ്കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ അതിൽ നൽകാൻ തയ്യാറായില്ല. കാൻ കൊണ്ടുവന്നാൽ പെട്രോൾ നൽകാമെന്നു പറഞ്ഞ് തൊട്ടടുത്ത വണ്ടിയിൽ പെട്രോൾ അടിക്കാൻ ജീവനക്കാരൻ മാറിയ സമയം പെട്രോൾ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് ജീവനക്കാർ പറഞ്ഞു. തീ ആളിപ്പടർന്ന ഉടൻതന്നെ ജീവനക്കാർ പമ്പിലെ അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.തൊട്ടടുത്ത മെറീന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഇയാളെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
0 Comments