ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ സിറ്റിങ് എം.പി ടി.എൻ.പ്രതാപന് സീറ്റില്ല. പകരം വടകരയിൽ നിന്നും കെ.മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയാവും. വടകരയിൽ ഷാഫി പറമ്പിൽ എം.എൽ.എയോ, ടി.സിദ്ദിഖ് എം.എൽ.എയോ സ്ഥാനാർഥിയാവും. വ്യാഴാഴ്ച രാത്രി ചേർന്ന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ടി.എൻ പ്രതാപന് അടുത്ത നിയമസഭാ സീറ്റിൽ സ്ഥാനാർഥിത്വം നൽകുന്നതാണ് ധാരണ. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വെച്ച നിർദേശത്തെ നേതാക്കൾ അംഗീകരിക്കുകയായിരുന്നു. പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേർന്ന സാഹചര്യത്തിലാണ് തീരുമാനം. തൃശൂരിൽ എന്ത് വില കൊടുത്ത് സീറ്റ് നിലനിറുത്താനും പത്മജയുടെ ബി.ജെ.പി പ്രവേശന വിവാദം ഏറ്റവും അധികം ചർച്ചയാവുക തൃശൂരിലാണെന്നതിനാൽ അതിനെ മറികടക്കാൻ ശക്തനായ നേതാവ് തന്നെ വേണമെന്നതാണ് കെ.മുരളീധരന്റെ പേരിലെത്തിയത്. നേരത്തെ വടകരയിലേക്ക് കെ.മുരളീധരനെ എത്തിക്കുന്നത് നേമത്ത് എം.എൽ.എ സ്ഥാനത്ത് നിന്നുമായിരുന്നു. പാർലമെണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് നേരത്തെ പ്രതാപൻ പ്രഖ്യാപിച്ചതായിരുന്നു. മണലൂർ മണ്ഡലം കേന്ദ്രീകരിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കും കടന്നിരുന്നു. എന്നാൽ പിന്നീട് സിറ്റിങ് എം.പിമാർ മൽസരിക്കണമെന്ന നിർദേശം വന്നതോടെ വീണ്ടും രംഗത്തിറങ്ങുകയായിരുന്നു. ഇടത് സ്ഥാനാർഥിയായി വി.എസ് സുനിൽകുമാറും, ബി.ജെ.പി സ്ഥാനാർഥിയായി സുരേഷ്ഗോപിയും എത്തിയതോടെ ശക്തമായ ത്രികോണമൽസരമായി മാറിയിരുന്നു. വിജയ സാധ്യത തന്നെ സംശയത്തിലാക്കിയിരുന്നു. കെ.കരുണാകരൻ വൈകാരികത കൂടിയാവും കെ.മുരളീധരന്റെ സ്ഥാനാർഥിത്വം. നേരത്തെ വി.വി.രാഘവൻ ലോകസഭയിലേക്ക് തന്നെ കെ.മുരളീധരനെ തോൽപ്പിച്ച ചരിത്രം തൃശൂരിനുണ്ടെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇതിന് പ്രസക്തിയില്ലെന്നാണ് വിലയിരുത്തുന്നത്.
0 Comments