2024 ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരിസ്ഥിതി സൗഹാര്‍ദ്ദ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കൊടി തോരണങ്ങളും പ്രചരണ ബോര്‍ഡുകള്‍, ബാനറുകള്‍ ഉള്‍പ്പെടെയുള്ളവ പ്ലാസ്റ്റിക്, പി വി സി മുതലായ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് പകരം പുന:ചംക്രമണ സാധ്യമായ വസ്തുക്കള്‍ മാത്രം ഉപയോഗിക്കണം. പൂര്‍ണ്ണമായും കോട്ടണ്‍, പേപ്പര്‍, പോളിഎത്തിലീന്‍ എന്നിവ മാത്രമേ പ്രചരണ പരിപാടികള്‍ക്കായി പരസ്യങ്ങള്‍ ബോര്‍ഡുകള്‍ എന്നിവയില്‍ ഉപയോഗിക്കാവു.
നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാല്‍ അനുയോജ്യമായ നിയമനടപടികള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൈക്കൊള്ളും.
രാഷ്ട്രീയ പാര്‍ട്ടികള്‍ ഇലക്ഷന്‍ ഓഫീസുകള്‍ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹാര്‍ദ്ദ വസ്തുക്കള്‍ ഉപയോഗിക്കണം. പോളിംഗ് ബൂത്തുകളില്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്
. ഇലക്ഷന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കണം.
തിരഞ്ഞെടുപ്പില്‍ നല്‍കുന്ന സ്ലിപ്പുകള്‍ ബൂത്ത് പരിസരങ്ങളില്‍ ഉപേക്ഷിക്കുന്ന പ്രവണത ഒഴിവാക്കി അവ കൃത്യമായി ശേഖരിച്ച് സംസ്‌കരിക്കണം.
പോളിംഗ് ഉദ്യോഗസ്ഥരും, ഏജന്റുമാരും ഭക്ഷണ പദാര്‍ത്ഥങ്ങള്‍, കുടിവെള്ളം മുതലായവ കൊണ്ടുവരുവാന്‍ പ്ലാസ്റ്റിക് ബോട്ടിലുകളും കണ്ടെയിനറുകളും പരമാവധി ഒഴിവാക്കണം.
തിരഞ്ഞെടുപ്പിനു ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍ സന്നദ്ധ സംഘടനകള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവരുടെ സഹായത്തോടെ ഇലക്ഷന്‍ ക്യാമ്പയിന്‍ മെറ്റീരിയലുകള്‍ നീക്കം ചെയ്ത് ശുചീകരണം നടത്തണം.
0 Comments