വൈദ്യുതി ലാഭം, അധികവരുമാനം; പിഎം സൂര്യ ഘർ പദ്ധതിയിലേക്ക് ആര്‍ക്കൊക്കെ അപേക്ഷിക്കാം? എങ്ങനെ അപേക്ഷിക്കാം?




PM Surya Ghar Muft Bijlee Yojana subsidy loan: ഇന്ത്യയില്‍ പുരപ്പുറ സൗരോർജ സംവിധാനം സ്ഥാപിക്കാന്‍ തയ്യാറുള്ള ഒരു കോടി വീടുകളില്‍ സൗജന്യ വൈദ്യുതി എത്തിക്കുന്നതിനു ലക്ഷ്യമിട്ടുള്ള കേന്ദ്ര പദ്ധതിയാണ് പിഎം സൂര്യ ഘർ മുഫ്ത് ബിജ്‌ലീ യോജന. വീടുകള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കും. 75,021 കോടി രൂപ അടങ്കലുള്ള പദ്ധതിക്ക് ഫെബ്രുവരി 29നാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.

എന്തുകൊണ്ടാണ് ഒരു കുടുംബം പുരപ്പുറ സൗരോർജ പദ്ധതി തിരഞ്ഞെടുക്കേണ്ടത്?

വൈദ്യുതി ബില്ലുകൾ ലാഭിക്കുന്നതിനും മിച്ചമുള്ള വൈദ്യുതി ഡിസ്‌കോമുകൾക്ക് വിൽക്കുന്നതിലൂടെ അധിക വരുമാനം നേടുന്നതിനും കുടുംബങ്ങൾക്ക് കഴിയും.

3 kW ശേഷിയുള്ള പുരപ്പുറ സൗരോർജ യൂണിറ്റ് സ്ഥാപിക്കുന്നതിലൂടെ, പ്രതിമാസം 300 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഒരു കുടുംബത്തിന് ഒരു വർഷം ഏകദേശം 15,000 രൂപ വരെ ലാഭിക്കാനാകുമെന്ന് പിഎം സൂര്യ ഘർ മുഫ്ത് ബിജ്‌ലീ യോജന വാഗ്ദാനം ചെയ്യുന്നു. അങ്ങനെയുള്ള ഒരു കുടുംബത്തിന് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിലൂടെ ഏകദേശം 1,800 രൂപ മുതൽ 1875 രൂപ വരെ വൈദ്യുതി ബില്ലിൽ ലാഭിക്കാം.

സോളാർ യൂണിറ്റിന് ധനസഹായമായി ലഭിച്ച വായ്പയുടെ ഇഎംഐ ആയ 610 രൂപ കുറച്ചാലും, പ്രതിമാസം 1,265 രൂപയോ ഒരു വർഷത്തിൽ ഏകദേശം 15,000 രൂപയോ ലാഭിക്കാനാകും. വായ്പ എടുക്കാത്ത കുടുംബങ്ങളുടെ ലാഭം ഇതിലും കൂടുതലായിരിക്കും.

പിഎം സൂര്യ ഘർ മുഫ്ത് ബിജ്‌ലീ യോജന നടപ്പാക്കുന്നത് എങ്ങനെ?

രണ്ടു kW വരെ ശേഷിയുള്ള പുരപ്പുറ  സൗരോർജ സംവിധാനങ്ങള്‍ക്ക് കേന്ദ്ര സാമ്പത്തിക സഹായമായി അവയുടെ ചെലവിന്റെ 60 ശതമാനവും, രണ്ടു മുതല്‍ മൂന്നു kW വരെ ശേഷിയുള്ള സംവിധാനങ്ങള്‍ക്ക് അവയ്ക്കുണ്ടാകുന്ന അധിക ചെലവിന്റെ 40 ശതമാനവും ഈ പദ്ധതി പ്രകാരം ലഭിക്കും. കേന്ദ്ര സാമ്പത്തിക സഹായം 3 kW ശേഷി വരെയായി പരിമിതപ്പെടുത്തും.

നിലവിലെ ബെഞ്ച്മാർക് വില അടിസ്ഥാനത്തില്‍, 1 kW സംവിധാനത്തിന് 30,000 രൂപ, 2 kW സംവിധാനത്തിന് 60,000 രൂപ, 3 kW അല്ലെങ്കില്‍ അതില്‍ കൂടിയ സംവിധാനത്തിന് 78,000 രൂപ എന്ന നിരക്കില്‍ സബ്സിഡി ലഭിക്കുന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

പദ്ധതിയിലേക്ക് ആര്‍ക്കൊക്കെ അപേക്ഷിക്കാം?

അപേക്ഷകന്‍ ഇന്ത്യന്‍ പൗരനായിരിക്കണം
സൗരോർജ പാനലുകള്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമായ മേല്‍ക്കൂരയുള്ള വീടുകള്‍ ഉണ്ടായിരിക്കണം
വീട്ടുകാര്‍ക്ക് സാധുവായ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരിക്കണം
സൗരോർജ പാനലുകള്‍ സ്ഥാപിക്കുന്നതിനു മറ്റേതെങ്കിലും സബ്‌സിഡി ലഭിച്ചവരായിരിക്കരുത്
പിഎം സൂര്യ ഘർ മുഫ്ത് ബിജ്‌ലീ യോജനയിലേക്ക് എങ്ങനെ അപേക്ഷിക്കാം?

താത്പര്യമുള്ള ഉപയോക്താക്കള്‍ www.pmsuryaghar.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഉചിതമായ വലിപ്പത്തിലുള്ള സംവിധാനം തിരഞ്ഞെടുക്കുക, ആനുകൂല്യങ്ങള്‍ കണക്കാക്കുക, വില്പനക്കാരുടെ റേറ്റിങ് തുടങ്ങിയവയ്ക്ക് പോര്‍ട്ടല്‍, ഇടപാടുകാരെ സഹായിക്കും. ഉപയോക്താക്കള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന കമ്പനികളുടെ പുരപ്പുറ സോളാര്‍ യൂണിറ്റ് തിരഞ്ഞെടുത്ത് സ്ഥാപിക്കാം.

ഒരു ഉപയോക്താവിന് സൗരോർജ യൂണിറ്റ് സ്ഥാപിക്കുന്നതിന് വായ്പാ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയുമോ?

കഴിയും, 3 kW വരെയുള്ള റെസിഡന്‍ഷ്യല്‍ ആര്‍ടിഎസ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് നിലവിലെ കുറഞ്ഞ പലിശയായ ഏകദേശം  ഏഴു ശതമാനത്തിന് ഈടുരഹിത വായ്പയിലൂടെ കുടുംബങ്ങള്‍ക്ക് ലഭ്യമാക്കും.

പലിശ നിരക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കാലാകാലങ്ങളില്‍ തീരുമാനിക്കുന്ന നിലവിലുള്ള റിപ്പോ നിരക്കിനേക്കാള്‍ 0.5% കൂടുതലായി നിജപ്പെടുത്തിയിരിക്കുന്നു. നിലവിലെ 6.5 % റിപ്പോ നിരക്ക് 5.5% ആയി കുറയുന്ന സാഹചര്യത്തില്‍, ഉപയോക്താവിന് ബാധകമായ പലിശ നിരക്ക് നിലവിലെ  ഏഴു ശതമാനത്തിനു പകരം ആറു ശതമാനം ആയിരിക്കും.

സബ്സിഡി ലഭിക്കുന്നതിനുള്ള നടപടിക്രമം എന്താണ്?

www.pmsuryaghar.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യുക

നിങ്ങളുടെ സംസ്ഥാനവും, വൈദ്യുതി വിതരണ കമ്പനിയും തിരഞ്ഞെടുക്കുക

നിങ്ങളുടെ വൈദ്യുതി ഉപഭോക്തൃ നമ്പർ, മൊബൈൽ നമ്പർ, ഇ മെയിൽ എന്നിവ നൽകുക.

ഉപഭോക്തൃ നമ്പറും മൊബൈൽ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്യുക

ഫോം അനുസരിച്ച് പുരപ്പുറ സൗരോർജ പദ്ധതിക്ക് അപേക്ഷിക്കുക

സാധ്യതാ അനുമതി ലഭിച്ചുകഴിഞ്ഞാൽ, രജിസ്റ്റർ ചെയ്ത ഏതെങ്കിലും വിൽപനക്കാരിൽ നിന്ന് സൗരോർജ പ്ലാന്റ് സ്ഥാപിക്കുക

സ്‌ഥാപിച്ച്‌ കഴിഞ്ഞാൽ, പ്ലാന്റിന്റെ വിശദാംശങ്ങൾ സമർപ്പിച്ച് നെറ്റ് മീറ്ററിന് അപേക്ഷിക്കുക.

നെറ്റ് മീറ്റർ സ്‌ഥാപിച്ചതിന് ശേഷം, വൈദ്യുതി വിതരണ കമ്പനിയുടെ പരിശോധന ഉണ്ടാവും. ഇതിന് ശേഷം, കമ്മീഷനിങ് സർട്ടിഫിക്കറ്റ് പോർട്ടലിൽ നിന്ന് ജനറേറ്റുചെയ്യും.

നിങ്ങൾക്ക് കമ്മീഷനിങ് റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാൽ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോർട്ടൽ വഴി സമർപ്പിക്കുക. 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ സബ്‌സിഡി ലഭിക്കും. 

Post a Comment

0 Comments