ഗുരൂവായൂർ ദേവസ്വം ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ മിന്നൽ പരിശോധന


ഗുരൂവായൂർ ദേവസ്വം ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ മിന്നൽ പരിശോധന. ക്ഷേത്രത്തിലെ വെള്ളി ഉരുപ്പടികൾ സ്വർണ്ണമാക്കി മാറ്റുന്നതിന്റെ നടപടി ക്രമങ്ങളാണ് പരിശോധിക്കുന്നത്. ആദായനികുതി ഉദ്യോഗസ്ഥൻ ജ്യോതിഷിന്റെ നേതൃത്വത്തിൽ ആയിരുന്നു മിന്നൽ പരിശോധന.ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ഭക്തർ കാണിക്കയായി സമർപ്പിച്ച കിലോ കണക്കിനുള്ള വെള്ളി, സ്വർണമാക്കി മാറ്റാനുള്ള നടപടിയുമായി ദേവസ്വം ബോർഡ് മുമ്പോട്ടു പായിരുന്നു. ഇതിനായി കേന്ദ്ര സർക്കാരിന് കീഴിൽ ഹൈദരാബാദിലുള്ള നാണയ നിർമ്മാണശാലയായ മിന്റുമായി ഗുരുവായൂർ ദേവസ്വം കരാർ ഒപ്പുവച്ചിരുന്നു. വർഷങ്ങളായി ലഭിച്ച വെള്ളി ഉത്പന്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഹൈദരാബാദിൽ വെള്ളി കട്ടികളായി മാറ്റുന്ന ഇവ പിന്നീട് മുംബൈയിലെ കേന്ദ്ര മിന്റിൽ നൽകി തത്തുല്യ തുകയ്ക്കുള്ള സ്വർണക്കട്ടികൾ വാങ്ങുമെന്നായിരുന്നു കരാർ. തുടർന്ന്, മുംബൈയിലെ എസ്.ബി.ഐ ശാഖയിൽ അവ നിക്ഷേപിക്കാനായിരുന്നു തീരുമാനം. ഈ ഇടപാടുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന എന്നാണ് സൂചന.
നേരത്തെ, ഭക്തർ സമർപ്പിച്ച സ്വർണ ആഭരണങ്ങളും വസ്തുക്കളും ഇത്തരത്തിൽ സ്വർണക്കട്ടികളാക്കി ബാങ്കിൽ നിക്ഷേപിച്ചത് വഴി ആറ് കോടി രൂപ പലിശയിനത്തിൽ മാത്രം ഗുരുവായൂർ ക്ഷേത്രം നേടിയിരുന്നു. ഈ ഇടപാടുകളും ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുവെന്നാണ് സൂചന. ക്ഷേത്രത്തിന്റെ കൈവശം വഴിപാടായി ലഭിച്ച 7 ടണ്ണിലേറെ വെള്ളി സാധനങ്ങളുണ്ട്. ഇതിൽ 5 ടൺ ആണ് സ്വർണപദ്ധതിയിലേക്കു മാറ്റുന്നതിന് തീരുമാനിച്ചിരുന്നത്.

Post a Comment

0 Comments